മലപ്പുറം: ഫീസ് വാങ്ങിയിട്ടും അച്ചടിച്ച രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി) നൽകാതിരുന്ന മോട്ടോർ വാഹന വകുപ്പിനെതിരെ മലപ്പുറം ജില്ലാ ഉപഭോക്തൃ കോടതി വിധി. പരാതിക്കാരന് നഷ്ടപരിഹാരവും കോടതി ചെലവും നൽകാൻ കോടതി ഉത്തരവിട്ടു.
കൊണ്ടോട്ടി പള്ളിക്കൽ സ്വദേശിയായ ആത്മേശൻ പച്ചാട്ടാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. 2025 ഫെബ്രുവരി 14-ന് ഇരുചക്ര വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാനും അച്ചടിച്ച ആർസി തപാൽ വഴി ലഭിക്കാനുമായി 245 രൂപ ഫീസ് അടച്ച് അപേക്ഷ നൽകിയിരുന്നു.
എന്നാൽ ആർസി ലഭിക്കാത്തതിനെ തുടർന്ന് ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ, മാർച്ച് 1 മുതൽ ഡിജിറ്റൽ ആർസി സംവിധാനം നിലവിൽ വന്നതായും പരിവാഹൻ പോർട്ടലിൽ നിന്ന് ആർസി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാമെന്നുമാണ് അധികൃതർ അറിയിച്ചത്.
അച്ചടിച്ച ആർസി നൽകുന്നില്ലെങ്കിൽ ഇതിനായി ഈടാക്കിയ 245 രൂപ തിരികെ നൽകണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടെങ്കിലും അധികൃതർ തയ്യാറായില്ല. തുടർന്ന് മോട്ടോർ വാഹന വകുപ്പ് കമ്മീഷണർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ഇതോടെയാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
പരാതി പരിശോധിച്ച കോടതി, മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്ത് നിന്ന് സേവനത്തിൽ വീഴ്ച ഉണ്ടായതായി കണ്ടെത്തി. അച്ചടിച്ച ആർസിക്കായി ഈടാക്കിയ 245 രൂപ തിരികെ നൽകാനും മാനസിക ബുദ്ധിമുട്ടിന് നഷ്ടപരിഹാരമായി 10,000 രൂപയും കോടതി ചെലവായി 3,000 രൂപയും പരാതിക്കാരന് നൽകാനും കോടതി ഉത്തരവിട്ടു.











