നാഗ്പുർ: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷ റദ്ദാക്കിയ സംഭവത്തിൽ ആത്മഹത്യ ചെയ്ത വിദ്യാർഥിനി ആകാംക്ഷാ ചതുർവേദിയുടെ മരണത്തിന് പിന്നാലെ കുറ്റക്കാർക്കെതിരെ വധശിക്ഷ ഉൾപ്പെടെയുള്ള കർശന നടപടി വേണമെന്ന് അമ്മ നീലം ചതുർവേദി ആവശ്യപ്പെട്ടു. മധ്യപ്രദേശ് സ്വദേശിനിയായ നീലം നാഗ്പുരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
“കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് കൊണ്ട് മാത്രം നീതി ലഭിക്കില്ല. വിദ്യാർഥികളുടെ പ്രതിഷേധത്തെ ഞങ്ങൾ പൂർണമായി പിന്തുണയ്ക്കുന്നു. ചോദ്യപ്പേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് ഏറ്റവും കർശനമായ ശിക്ഷ ലഭിക്കണം,” എന്ന് നീലം പറഞ്ഞു.
മകളുടെ മരണത്തിന് പിന്നാലെ കുടുംബം കടുത്ത ദുരിതത്തിലാണെന്നും അവർ വ്യക്തമാക്കി. “ആകാംക്ഷയുടെ പിതാവിന് രണ്ടുതവണ ഹൃദയാഘാതം സംഭവിച്ചു. ഇപ്പോൾ അദ്ദേഹം കിടപ്പിലാണ്. മകൾ ജീവനോടെയുണ്ടായിരുന്നെങ്കിൽ ഞങ്ങളെ അവൾ നോക്കുമായിരുന്നു,” എന്നും നീലം പറഞ്ഞു.
ആകാംക്ഷയുടെ നീറ്റ് പരിശീലനത്തിനായി കുടുംബം മധ്യപ്രദേശിൽ നിന്ന് നാഗ്പുരിലേക്ക് താമസം മാറ്റിയിരുന്നു. മേയ് മൂന്നിന് നീറ്റ് പരീക്ഷ എഴുതിയ ആകാംക്ഷ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന ആത്മവിശ്വാസത്തിലായിരുന്നുവെന്ന് അമ്മ പറഞ്ഞു.
എന്നാൽ ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷ റദ്ദാക്കിയതോടെ ആകാംക്ഷ കടുത്ത മാനസിക സമ്മർദത്തിലായി. തുടർന്ന് ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് എഴുതിയ കുറിപ്പിൽ, ആദ്യ ശ്രമത്തിൽ തന്നെ മികച്ച മാർക്ക് നേടിയെങ്കിലും വീണ്ടും അതേ നേട്ടം കൈവരിക്കാനാകുമെന്ന ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്ന് ആകാംക്ഷ രേഖപ്പെടുത്തിയിരുന്നുവെന്നും കുടുംബം വ്യക്തമാക്കി.











