മലപ്പുറം: മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു. തിരുവനന്തപുരം തിരുമല ഓടൻകുഴി സ്വദേശി സുബിൻ ബാബു (26) ആണ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. മലപ്പുറത്തെ സ്വകാര്യ ലോഡ്ജിൽ വെച്ചായിരുന്നു സംഭവം.
പരിക്കേറ്റ സുബിൻ ബാബുവിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് മോർഫിങ് കേസിൽ സുബിൻ ബാബുവിന് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചതിന് പിന്നാലെ മലപ്പുറത്തെ ലോഡ്ജിൽ താമസിക്കുകയായിരുന്നു.
മലപ്പുറത്തെ വിവിധ കോളേജുകളിലെ വിദ്യാർഥിനികളുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ നിന്ന് ശേഖരിച്ച് മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിച്ചെന്ന പരാതിയിലാണ് പൊലീസ് സുബിൻ ബാബുവിനെ അറസ്റ്റ് ചെയ്തത്. മോർഫ് ചെയ്ത ചിത്രങ്ങൾ പണം വാങ്ങി വിൽപ്പന നടത്തിയിരുന്നതായും പ്രതി പൊലീസിനോട് സമ്മതിച്ചതായി റിപ്പോർട്ടുണ്ട്.
മലപ്പുറം ജില്ലയിലെ 12ഓളം കോളേജുകളിലെ വിദ്യാർഥിനികളാണ് മോർഫിങ് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. തുടർന്ന് തിരുവനന്തപുരത്ത് നിന്ന് സുബിൻ ബാബുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തിരുവനന്തപുരത്ത് മൊബൈൽ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു സുബിൻ ബാബു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)












