എറണാകുളം: ടോറസ് ലോറി ഇടിച്ചതിനെ തുടർന്ന് ലോറിക്കും ബസിനും ഇടയിൽപ്പെട്ട് സ്കൂട്ടർ യാത്രികയുടെ കാൽ അറ്റു. ആലുവ കീഴ്മാട് എരുമത്തല കോവാട്ട് വീട്ടിൽ കെ.യു. പ്രിയങ്ക (35)യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. വലതുകാലിന്റെ പാദം അറ്റുപോയ പ്രിയങ്കയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെ പറവൂർ മെയിൻ റോഡിൽ മിനി സിവിൽ സ്റ്റേഷന് സമീപമായിരുന്നു അപകടം. കച്ചേരിപ്പടി സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് ഏഴിക്കര ഭാഗത്തേക്ക് പോകുകയായിരുന്ന ‘അഞ്ജലി’ ബസ് യാത്രക്കാരെ കയറ്റുന്നതിനായി റോഡിൽ നിർത്തിയിരുന്നു.
ഇതിനിടെ അതേ ദിശയിൽ എത്തിയ ടോറസ് ലോറി സ്കൂട്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ബസിനടിയിലേക്ക് വീണു. പ്രിയങ്ക റോഡിലേക്ക് തെറിച്ചുവീഴുകയും ചെയ്തു. പിന്നാലെ ടോറസ് ലോറിയുടെ പിൻചക്രം പ്രിയങ്കയുടെ കാലിലൂടെ കയറിയിറങ്ങിയതോടെയാണ് വലതുകാലിന്റെ പാദം അറ്റുപോയത്.
പറവൂർ ഗവ. ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ചേരാനെല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വലതുകാലിൽ മുട്ടിന് താഴെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇടതുകാലിലും പരിക്കുണ്ട്. ലോറി അമിത വേഗത്തിലായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.


