ന്യൂഡൽഹി : ഇന്ത്യയിൽ സജീവമായ കോവിഡ് -19 കേസുകളുടെ എണ്ണം 3,395 ആയി ഉയർന്നു. ഇതിൽ 1,336 രജിസ്റ്റർ ചെയ്തിരിക്കുന്നത് കേരളത്തിലാണ്. മഹാരാഷ്ട്രയിലും ഡൽഹിയിലുമാണ് പിന്നീട് ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ട് ദിവസത്തിനിടെ 685 പുതിയ കോവിഡ് കേസുകളും നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൽഹി, കേരളം, കർണാടക, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ഓരോ മരണം വീതം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ദേശീയതലത്തിൽ കേസുകളുടെ എണ്ണം കുത്തനെയാണ് ഉയർന്നിരിക്കുന്നത് , മെയ് 22 ന് 257 കേസ് ആണ് റിപ്പോർട്ട് ചെയ്തതെങ്കിൽ മെയ് 26 ന് 1,010 ആയും ശനിയാഴ്ചയോടെ 3,395 ആയും കേസുകൾ ഉയർന്നു. നിലവിൽ കേരളം (1,336), മഹാരാഷ്ട്ര (467), ഡൽഹി (375), ഗുജറാത്ത് (265), കർണാടക (234), പശ്ചിമ ബംഗാൾ (205), തമിഴ്‌നാട് (185), ഉത്തർപ്രദേശ് (117) എന്നിങ്ങനെയാണ് കോവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊറോണ വൈറസിന്റെ തീവ്രത കുറഞ്ഞ ഒമിക്രോണ്‍ സബ് വേരിയന്റുകളാണ് നിലവിലെ കുതിച്ചുചാട്ടത്തിന് കാരണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ഡയറക്ടർ ജനറൽ രാജീവ് ബെഹൽ ദേശിയ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.






