മൂന്ന് പതിറ്റാണ്ടോളം എസ്എന്‍ഡിപി, എസ്എന്‍ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിലിരുന്ന് ഈഴവ സമുദായത്തിന്റെ മൊത്തം നേതാവായി വിലസിയ വെള്ളാപ്പള്ളി നടേശനെ ആ കസേരയില്‍ നിന്ന് ഇറക്കി വിട്ടിരിക്കുകയാണ് ഹൈക്കോടതി. കാരണംകമ്പനി ആക്ടിന്റെ ലംഘനം നടന്നതായി കോടതി കണ്ടെത്തുകയായിരുന്നു. വെള്ളാപ്പള്ളി നടേശന്‍, പ്രസിഡന്റ് എം.എന്‍. സോമന്‍, വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി അടക്കം എല്ലാ ഭാരവാഹികളേയും കോടതി പുറത്താക്കി. അത്ര നിസാര കുറ്റമല്ല ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. എസ്എന്‍ഡിപി യോഗം കമ്പനി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തസംഘടനയാണ്. ഇതിലെ ഡയറക്ടര്‍മാരാണ് വെള്ളാപ്പള്ളിയും തുഷാര്‍ വെള്ളാപ്പള്ളിയും ഉള്‍പ്പെടെയുള്ളവര്‍.
കമ്പനി നിയമപ്രകാരം റജിസ്റ്റര്‍ ചെയ്തിട്ടുള്ള എസ്എന്‍ഡിപി യോഗം, 2014-15 മുതല്‍ 3 വര്‍ഷം വാര്‍ഷിക കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് കോടതി കണ്ടെത്തി. ഇത് കടുത്ത നിയമലംഘനമാണ്. പിഴയടച്ച് പിന്നീട് കണക്കുകള്‍ സമര്‍പ്പിച്ചിരുന്നെങ്കിലും ഡയറക്ടര്‍മാര്‍ക്ക് ലഭിച്ച അയോഗ്യത ഇല്ലാതാകില്ല. അയോഗ്യത വന്നതിന് ശേഷവും ഇവര്‍ തല്‍സ്ഥാനത്ത് തുടര്‍ന്നു. ഇത് നിയമവിരുദ്ധമെന്നും വെള്ളാപ്പള്ളി അടക്കമുള്ളവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും റജിസ്‌ട്രേഷന്‍ ഐജിക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിലെ ഭാരവാഹികള്‍ 2014 മുതല്‍ ഐജി രജിസ്ട്രേഷന് വാര്‍ഷിക അക്കൗണ്ട്സ് സ്റ്റേറ്റ്മെന്റ് കൊടുത്തിട്ടില്ല. ഫൈന്‍ അടച്ചപ്പോള്‍ സര്‍ക്കാര്‍ മാപ്പ് കൊടുക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്താണ് അന്തരിച്ചഎഴുത്തുകാരന്‍ എം.കെ. സാനുവും എസ്എന്‍ഡിപി യോഗം സംരക്ഷണ സമിതി ചെയര്‍മാന്‍ അഡ്വ. എസ്. ചന്ദ്രസേനനും ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷന്‍ നല്‍കിയതും ഇപ്പോള്‍ വെള്ളാപ്പള്ളിയുടെ കസേര തെറിച്ചതും.
കേരളത്തിന്റെ സാമൂഹിക-നവോഥാന-രാഷ്ട്രീയ ചരിത്രത്തിന്റെ പൂമുഖത്തിട്ടിരിക്കുന്ന ഒരു കസേരയാണ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയുടെത്. കുമാരനാശാന്‍, ടികെ മാധവന്‍ പോലുള്ളവര്‍ ഇരുന്ന, കോടതിയെ പോലും ചോദ്യം ചെയ്ത കാലത്ത് നിന്ന് ഇന്ന് അതേ കസേരയില്‍ ഇരിക്കുന്നൊരാളോട് കോടതി ഇറങ്ങി പോകാന്‍ ആവശ്യപ്പെട്ടിരിക്കുന്ന അവസ്ഥ വരെയെത്തി.
വെള്ളാപ്പള്ളി നടേശനെ ഒരു ബിംബമായി ഉയര്‍ത്തിപ്പിടിക്കുന്നവര്‍ എസ്എന്‍ഡിപിയുടെ ചരിത്രത്തെ ഒരുപക്ഷേ വെള്ളാപ്പള്ളി മുതല്‍ മാത്രം വായിക്കുന്നവരാകും. ആ കസേരയില്‍ ഇരുന്നവര്‍ ഒന്നും രാഷ്ട്രീയ ഉപജാപങ്ങളുടെ അന്തപുരത്തില്‍ സേവകരായിരുന്നില്ല. ഈഴവരെന്നാല്‍ വെള്ളാപ്പള്ളിയെന്ന് പോലും കരുതുന്നവരേറെ. സവര്‍ണ അധികാര ബോധം അരങ്ങ് വാണിരുന്ന കാലത്ത് കുമാരനാശാന്റേയും മറ്റും നേതൃത്വത്തില്‍ സാംസ്‌കാരിക പ്രക്ഷോഭങ്ങളില്‍ സജീവമായിരുന്ന സംഘടന പക്ഷേ പിന്നീട് വെള്ളാപ്പള്ളിയെന്ന വന്‍മരത്തിന്റെ നിയന്ത്രണത്തിലായി. പല പടികള്‍ കയറിയല്ല, അതുവരെ സംഘടനയില്‍ ഒരു സ്ഥാനവും വഹിക്കാതെ നേരിട്ടായിരുന്നു 1996ല്‍ വെള്ളാപ്പള്ളി എസ്എന്‍ഡിപിയുടെ ജനറല്‍ സെക്രട്ടറിയായത്.
സമുദായത്തിനാണ് എല്ലാം എന്ന ബാനറില്‍ വെള്ളാപ്പള്ളി ഓരോന്ന് ചെയ്യുമ്പോഴും അതിന്റെ പിന്നിലെ രാഷ്ട്രീയ-അധികാര-സാമ്പത്തിക ലക്ഷ്യങ്ങള്‍ പലപ്പോഴായി യോഗത്തിനുള്ളില്‍ തന്നെ ചര്‍ച്ചയായിട്ടുള്ളതാണ്. വെള്ളാപ്പള്ളിയുടെ ഏകാധിപത്യത്തിനെതിരെ വാളെടുത്തവര്‍ പക്ഷേ പലപ്പോഴായി നിശബ്ദരായി പോവുന്നതും കണ്ടിട്ടുണ്ട്. സാംസ്‌കാരിക നായകര്‍ മുതല്‍ വ്യവസായ പ്രമുഖര്‍ വരെ അദ്ദേഹത്തിനെതിരെ രംഗത്തുവന്നു. പക്ഷേ, പ്രമുഖര്‍ നേതൃത്വം നല്‍കിയ പാനലുകളെ പരാജയപ്പെടുത്തി ഓരോ തവണയും തെരഞ്ഞെടുപ്പില്‍ വിജയിച്ചു. പല കാലത്തായി സംഘടനയിലുണ്ടായ ചേരിതിരിവുകളിലോ മൈക്രോഫിനാന്‍സ് തട്ടിപ്പ് ഉള്‍പ്പെടെ കേസുകളിലോ സ്വന്തം പ്രസ്താവന സൃഷ്ടിച്ച വിവാദങ്ങള്‍ പുകഞ്ഞപ്പോഴൊന്നും ആ കസേര ഇളകിയിരുന്നില്ല. ഗുരുജയന്തി ആഘോഷത്തിനപ്പുറം വിലപേശല്‍ ശേഷിയുള്ള പ്രസ്ഥാനമായി എസ്എന്‍ഡിപിയെ വളര്‍ത്തുന്നതില്‍ വെള്ളാപ്പള്ളിയുടെ ബിസിനസ് മൈന്‍ഡ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. യുണിയനുകളുടേയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും എണ്ണം വലിയ രീതിയില്‍ വളര്‍ന്നു.
വിവാദങ്ങളുടേയും കേസുകളുടേയും തോഴനായിരുന്നു വെള്ളാപ്പള്ളി. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. ശബരിമല യുവതീ പ്രവേശന വിവാദ സമയത്തടക്കം സമവായത്തിലൂടെ നിന്ന വെള്ളാപ്പള്ളി മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധം നിലനിര്‍ത്തി. വര്‍ഗീയ പരാമര്‍ശങ്ങള്‍ പലപ്പോഴും വിവാദമായി. മലപ്പുറത്ത് മുസ്ലീം ലീഗിന് സ്ഥാപനങ്ങള്‍ വാരിക്കോരി കൊടുക്കുന്നു എന്ന പ്രസ്താവന വലിയ കോളിളക്കം സൃഷ്ടിച്ചതാണ്. നായര്‍-ഈഴവ സഖ്യത്തിനുള്ള നീക്കവും പരാജയപ്പെട്ടു.
ജനറല്‍ സെക്രട്ടറി പദവിയില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെയും പത്മഭൂഷണ്‍ ബഹുമതി കിട്ടിയതിന്റെയും ആഘോഷങ്ങള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. മൂന്ന് പതിറ്റാണ്ട് നീണ്ട ആ ആത്മവിശ്വാസത്തിനാണ് കോടതി കനത്ത ആഘാതം ഏല്‍പ്പിച്ചിരിക്കുന്നത്. വെള്ളാപ്പള്ളി നടേശന്‍ അധികാരമൊഴിഞ്ഞാല്‍ എസ്എന്‍ഡിപി തകര്‍ന്നു പോകുമെന്ന് ആശങ്കപ്പെടുന്നവരുണ്ട്.




