കോഴിക്കോട്: തെരഞ്ഞെടുപ്പ് കലാശക്കൊട്ടിനിടെ യുഡിഎഫ് പ്രവർത്തകർക്ക് നേരെ കത്തി വീശി സിപിഎം പ്രവർത്തകൻ. കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിയിലാണ് സംഭവം. ഡിവൈഎഫ്ഐ മുൻ മേഖലാ പ്രസിഡണ്ട് അബ്ദുൽ സലാമാണ് കത്തി വീശിയത് എന്നാണ് യുഡിഎഫ് പ്രവർത്തകർ ആരോപിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ഓമശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ടൗൺ ഉൾപ്പെടുന്ന മൂന്ന് വാർഡുകൾക്ക് പുറമേ പഞ്ചായത്തിന്റെ ആസ്ഥാനം കൂടിയാണ് ഓമശ്ശേരി. സമാധാനപരമായി ഇന്നലെ നടന്ന കലാശക്കൊട്ടിനിടെയാണ് ചെറിയ വാക്കേറ്റവും അതിനെ തുടർന്ന് കത്തി വീശലും ഉണ്ടായത്. നാട്ടുകാരും പ്രവർത്തകരും ചേർന്ന് ബലമായി പിടിച്ചു മാറ്റിയതുകൊണ്ട് വലിയ സംഘർഷം ഒഴിവായി. കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവരുടെ നേർക്കാണ് അബ്ദുൽസലാം കത്തി വീശിയതെന്നാണ് യുഡിഎഫ് പ്രവർത്തകരുടെ ആരോപണം. സംഭവത്തിൽ കൊടുവള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും മറ്റ്കാര്യങ്ങൾ ആലോചിച്ച് ചെയ്യുമെന്നും ഓമശ്ശേരി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ജനറൽ കൺവീനർ യുകെ ഹുസൈൻ പറഞ്ഞു.




