തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ കെ.എസ്.ഇ.ബി. കൃത്യമായ നടപടികൾ പാലിക്കണമെന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ നിർദേശിച്ചു. വൈദ്യുതി മുടങ്ങുന്ന സമയവും നിയന്ത്രണം എത്ര നേരത്തേക്ക് തുടരുമെന്നും ജനങ്ങളെ മുൻകൂട്ടി അറിയിക്കണമെന്നും കമ്മിഷൻ വ്യക്തമാക്കി.
ഒരു പ്രദേശത്ത് ഒരാഴ്ചത്തേക്ക് കഴിയുന്നത്ര ഒരേ സമയത്തായിരിക്കണം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടതെന്നും കമ്മിഷൻ നിർദേശിച്ചു. ആവശ്യം ഉന്നയിച്ചതിനെ തുടർന്ന് നിർദേശങ്ങൾ പാലിക്കാമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. വൈദ്യുതി ക്ഷാമം ഒഴിവാക്കാൻ ഒരു വർഷത്തേക്ക് 840 കോടി രൂപ ചെലവിൽ 140 കോടി യൂണിറ്റ് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട തെളിവെടുപ്പിനിടെയാണ് കമ്മിഷൻ നിർദേശങ്ങൾ നൽകിയത്.
അടുത്ത ദിവസം എത്ര വൈദ്യുതി കുറവ് ഉണ്ടാകുമെന്ന് കെഎസ്ഇബിക്ക് തലേദിവസം തന്നെ മനസിലാക്കാൻ കഴിയുമെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി. അതിനാൽ ഉപഭോക്താക്കൾക്ക് എസ്എംഎസ് ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ മുന്നറിയിപ്പ് നൽകണമെന്നും നിർദേശിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ഏത് ഫീഡർ എപ്പോൾ ഓഫ് ചെയ്യേണ്ടിവരുമെന്ന് അതത് പ്രദേശത്തെ ജനങ്ങളെ അറിയിക്കാൻ സെക്ഷൻ ഓഫീസുകൾക്ക് ചുമതല നൽകണമെന്നും കമ്മിഷൻ പറഞ്ഞു. വൈദ്യുതി ലഭ്യതയിൽ മാറ്റമുണ്ടായാൽ നിയന്ത്രണത്തിന്റെ സമയവും കുറയ്ക്കാൻ നടപടി സ്വീകരിക്കണമെന്നും റെഗുലേറ്ററി കമ്മിഷൻ നിർദേശിച്ചു.




