പാലക്കാട്: മുൻ എം.എൽ.എ. പി.കെ. ശശിയെ സി.പി.എം. പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നുമാണ് അദ്ദേഹത്തെ നീക്കിയതെന്ന് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു മാധ്യമങ്ങളോട് അറിയിച്ചു. പാലക്കാട് ജില്ലാ നേതൃത്വത്തോട് അതൃപ്തിയുള്ളവരുടെ നേതൃത്വത്തിൽ രൂപംകൊണ്ട ‘മാർക്‌സിസ്റ്റ് കൂട്ടായ്മ’യുടെ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് നടപടി.
കഴിഞ്ഞ കുറച്ച് കാലമായി പാർട്ടിയുമായി ഭിന്നതയിലായിരുന്ന ശശി, അടുത്തിടെ കെ.ടി.ഡി.സി. ചെയർമാൻ സ്ഥാനവും രാജിവെച്ചിരുന്നു. ഒറ്റപ്പാലത്ത് വിമത സ്ഥാനാർഥിയായി മത്സരിക്കാൻ ഒരുങ്ങുന്നുവെന്നും അതിന്റെ ഭാഗമായി മുസ്ലിം ലീഗ് നേതാക്കളുമായി ചർച്ച നടത്തിയെന്നുമുള്ള വാർത്തകളും പുറത്തുവന്നിരുന്നു.
പാലക്കാട് ജില്ലയിലെ സി.പി.എം. വിമതർ ചേർന്നാണ് ‘മാർക്‌സിസ്റ്റ് കൂട്ടായ്മ’ രൂപീകരിക്കാൻ നീക്കം നടത്തുന്നത്. തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. പിന്തുണയോടെ മത്സരിക്കാനാണ് ഇവരുടെ ശ്രമമെന്നുമാണ് സൂചന. ഭാവിയിൽ പുതിയ പാർട്ടി രൂപീകരിച്ച് യു.ഡി.എഫുമായി ചേരുന്നതും ആലോചനകളിലുണ്ടെന്നാണ് വിവരം.
പാലക്കാട് പാർവതി കല്യാണമണ്ഡപത്തിൽ നടന്ന വിമതരുടെ കൺവെൻഷനിൽ സി.പി.എമ്മിനെതിരെ കടുത്ത വിമർശനങ്ങളാണ് പി.കെ. ശശി ഉന്നയിച്ചത്. ജില്ലയിൽ ലോക്കൽ സെക്രട്ടറിയെ പോലും ‘കള്ള് കുടിച്ചിരിക്കുമ്പോൾ തീരുമാനിക്കുന്ന അവസ്ഥയിലേക്കാണ് പാർട്ടി എത്തിയതെന്ന്’ അദ്ദേഹം ആരോപിച്ചു. ഇത് വിമതരുടെ കൺവെൻഷൻ അല്ലെന്നും, വിപ്ലവകാരികളായ കമ്മ്യൂണിസ്റ്റുകളുടെ കൺവെൻഷനാണെന്നും ശശി പറഞ്ഞു.



