തിരുവനന്തപുരം: തനിക്കും കുടുംബത്തിനുമെതിരെ നിരന്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നാരോപിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ വൈകാരിക പ്രതികരണവുമായി മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ പികെ ശ്രീമതി. ഏതോ എംഎല്‍എയുടെ ഭാര്യയായി നടിച്ച് പെന്‍ഷന്‍ വാങ്ങുന്നുവെന്ന് പ്രചരിപ്പിച്ച് അധിക്ഷേപകരവും അടിസ്ഥാനരഹിതവുമായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കും യൂട്യൂബ് ചാനലുകള്‍ക്കുമെതിരെ ശക്തമായ നിയമനടപടിയും മാനനഷ്ടക്കേസും ഫയല്‍ ചെയ്യുമെന്ന് ശ്രീമതി വ്യക്തമാക്കി.
വളരെയധികം മനഃപ്രയാസത്തോടെയാണ് താന്‍ മാധ്യമങ്ങളെ കാണുന്നതെന്ന് പികെ ശ്രീമതി പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജനം ടിവി, ഭാരത് ലൈവ്, കര്‍മ ന്യൂസ് തുടങ്ങിയ ചാനലുകളിലും കണ്ണൂരിലെ ‘സുദിനം’ എന്ന സായാഹ്ന പത്രത്തിലും തനിക്കെതിരെ തെറ്റായ കാര്യങ്ങള്‍ തുടര്‍ച്ചയായി പ്രചരിക്കുകയാണ്. തുടക്കത്തില്‍ ഇത് അവഗണിക്കാന്‍ ശ്രമിച്ചെങ്കിലും അപകീര്‍ത്തികരമായ വാര്‍ത്തകള്‍ ആവര്‍ത്തിച്ച് നല്‍കുന്നത് തുടര്‍ന്നതോടെയാണ് പ്രതികരിക്കാന്‍ നിര്‍ബന്ധിതയായത്.
‘അടിയന്തരമായി പ്രതികരിച്ചില്ലെങ്കില്‍ സത്യമാണെന്ന് ആളുകള്‍ കരുതിയേക്കും. വാര്‍ത്തകളുടെ വിഡിയോകളും പത്രത്തിന്റെ കോപ്പികളും ശേഖരിച്ച് നിയമനടപടി സ്വീകരിക്കാന്‍ അഭിഭാഷകന് കൈമാറിയിട്ടുണ്ട്’ -അവര്‍ പറഞ്ഞു. രാഷ്ട്രീയ ജീവിതത്തില്‍ എന്നും സുതാര്യത പുലര്‍ത്തിയിട്ടുണ്ടെന്നും തുടര്‍ച്ചയായുള്ള ഇത്തരം വ്യക്തിഹത്യകള്‍ താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണെന്നും പറയുന്നതിനിടെയാണ് പികെ ശ്രീമതി വിതുമ്പിയത്.




