തിരുവനന്തപുരം: മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ ഒളിവിലായിരുന്ന സിപിഎം നേതാവും വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റുമായ വെള്ളനാട് ശശി കീഴടങ്ങി. കുറ്റിച്ചൽ പരുത്തിപ്പള്ളി വനംവകുപ്പ് ഓഫീസിൽ വൈകിട്ട് മൂന്നരയോടെയാണ് അദ്ദേഹം കീഴടങ്ങിയത്. ഫെബ്രുവരി 28-നായിരുന്നു സംഭവം. വെള്ളനാട് വാളിയറയിലെ ഒരു വീട്ടുവളപ്പിലെത്തിയ മുള്ളൻപന്നിയെ ശശി ഇരുമ്പുപൈപ്പ് ഉപയോഗിച്ച് അടിച്ചു കൊന്നുവെന്നാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് ശശിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു.
വന്യജീവി സംരക്ഷണ നിയമപ്രകാരം മുള്ളൻപന്നി ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്ന ജീവിയാണ്. ഇതിനെ കൊല്ലുകയോ ആക്രമിക്കുകയോ ചെയ്താൽ 3 മുതൽ 7 വർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കും. സംഭവദിവസം വീട്ടുകാർ വിവരം വാർഡ് അംഗത്തെയും പിന്നീട് പഞ്ചായത്ത് പ്രസിഡന്റിനെയും അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെ കാത്തിരിക്കുമ്പോഴാണ് ശശി സ്ഥലത്തെത്തി മുള്ളൻപന്നിയെ ആക്രമിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ കേസിൽ അന്വേഷണം ശക്തമായി. പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എസ്. ശ്രീജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.






