പാലക്കാട്: സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റിലേക്ക് മത്സരം നടന്നു. സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ നിന്ന് 11 അംഗങ്ങളെ ഉൾപ്പെടുത്തി പുതിയ ജില്ലാ സെക്രട്ടേറിയേറ്റ് രൂപീകരിച്ചു. ഇവരില്‍ അഞ്ച് പേർ പുതുമുഖങ്ങളാണ്. എം.ആർ മുരളി, കെ. പ്രേംകുമാർ എം.എല്‍.എ, സുബൈദ ഇസ്ഹാഖ്, പൊന്നുക്കുട്ടൻ, ടി.കെ. നൗഷാദ് എന്നിവരാണ് സെക്രട്ടേറിയേറ്റിലെത്തിയ പുതിയ അംഗങ്ങള്‍.
മുൻ എം.എല്‍.എ വി.കെ ചന്ദ്രനെ ജില്ലാ സെക്രട്ടേറിയേറ്റില്‍ നിന്ന് ഒഴിവാക്കി. ഇദ്ദേഹം പി.കെ. ശശിയെ പിന്തുണച്ചിരുന്നുവെന്നാണ് അറിയുന്നത്. പി.കെ. ശശിക്കെതിരെ നടപടിയെടുത്ത ശേഷവും പാർട്ടിയില്‍ അദ്ദേഹത്തിനായി വാദിച്ച നേതാവ് ചന്ദ്രൻ. തൃത്താല കേന്ദ്രീകരിച്ച് പാർട്ടിയില്‍ വിഭാഗീയ പ്രവർത്തനങ്ങള്‍ നടത്തിയതിന് വി.കെ. ചന്ദ്രനെ പാർട്ടി നേതൃത്വം താക്കീത് ചെയ്തിരുന്നു.
ജില്ല സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജില്ല കമ്മിറ്റിയംഗം പി.എ. ഗോകുല്‍ദാസ് രംഗത്തെത്തിയിരുന്നു. ഗോകുല്‍ദാസ് മത്സരിച്ചെങ്കിലും ജയിക്കാനായില്ല. വി.എസ് പക്ഷക്കാരനായിരുന്ന ഗോകുല്‍ദാസിന് 45 അംഗ ജില്ലാ കമ്മിറ്റിയില്‍ ഏഴ് വോട്ട് മാത്രമേ ലഭിച്ചുള്ളു. മുണ്ടൂരില്‍ നിന്നുള്ള നേതാവാണ് ഇദ്ദേഹം. മുൻപ് പാർട്ടിക്കെതിരെ പൊതുസമ്മേളനം വിളിച്ചുചേർത്ത് പി.എ. ഗോകുല്‍ദാസ് പരസ്യ പ്രതിഷേധം ഉയർത്തിയിരുന്നു. പിന്നീട് പാർട്ടി ഇദ്ദേഹത്തെയടക്കം അനുനയിപ്പിച്ച് നിർത്തുകയായിരുന്നു. എന്നാല്‍ ജില്ലാ കമ്മിറ്റിയില്‍ നിന്ന് പിന്നീട് സ്ഥാനക്കയറ്റം നല്‍കിയിരുന്നില്ല.






