നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി മണ്ഡലത്തിൽ എത്തുന്നതിന്റെ ആവേശത്തിലാണ് കോൺഗ്രസ് നേതാക്കളും അണികളും. പ്രിയങ്ക വയനാടിന്റെയും നിലമ്പൂരിന്റെയും എംപിയാണ്. അതിലുപരി ഇന്നത്തെ ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പോർ മുഖം കൂടിയാണ്. സഹോദരൻ രാഹുൽ ഗാന്ധിക്ക് ഉള്ളതിനേക്കാൾ സ്വീകാര്യത ദേശീയ രാഷ്ട്രീയത്തിൽ പ്രിയങ്കയ്ക്കുയുണ്ട്. ഇന്ദിരയുടെ മൂക്കും മുടിയും കണ്ണും മാത്രമല്ല, ധീരതയും കാര്യപ്രാപ്തിയുമാണ് പ്രിയങ്കയുടെ സാമ്യതകൾ. ആ സാമ്യതകൾ തന്നെയാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രിയങ്കയെ സംഘപരിവാറിന് എതിരായ പോരാട്ടത്തിന്റെ കേന്ദ്രബിന്ദുവായി കോൺഗ്രസും ജനങ്ങളും കാണുന്നത്.
വയനാടും കേരളവും ഗാന്ധി കുടുംബത്തെ വല്ലാണ്ട് ഇഷ്ടപ്പെടുന്ന ജനതയാണ്. മുൻ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധിക്ക് ആണെങ്കിലും ഇന്ദിരാഗാന്ധിക്ക് ആണെങ്കിലും ആ സ്നേഹം ഈ നാട്ടിലെ ജനത നൽകിയിട്ടുണ്ട്. അവരാരും ജനിച്ചത് കേരളത്തിൽ അല്ലെങ്കിലും, അത്രത്തോളം തന്നെ വൈകാരികമായ ഒരു ബന്ധം ഗാന്ധി കുടുംബത്തിലെ ഒട്ടുമിക്ക ആളുകൾക്കും കേരളവുമായി ഉണ്ട്. രാജ്യം അതി നിർണായകമായ ഒരു തെരഞ്ഞെടുപ്പിലേക്ക് കടന്നു പോയപ്പോൾ രാഹുൽഗാന്ധി പ്രതിനിധീകരിച്ചത് കേരളത്തെയാണ്. നമ്മുടെ സ്വന്തം വയനാടിനെ ആണ്. രാഹുൽ മണ്ഡലം ഉപേക്ഷിച്ച് ഉത്തരേന്ത്യയിലെ റായ്ബറലിയിലേക്ക് പോകേണ്ടി വന്നപ്പോൾ എല്ലാവരും അദ്ദേഹത്തെ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ തന്റെ സഹോദരിയെ വയനാട് മണ്ഡലം ഏൽപ്പിച്ചായിരുന്നു രാഹുൽ അവിടേക്ക് പോയത്. ഇനിമുതൽ വയനാടിന് താൻ കൂടാതെ പ്രിയങ്കയും ഉണ്ടാകുമെന്നായിരുന്നു അന്ന് രാഹുൽ പ്രതികരിച്ചിരുന്നത്.
രാഹുൽ ഗാന്ധിക്ക് എത്രത്തോളം സ്വീകാര്യതയാണോ ലഭിച്ചത് അതിനേക്കാൾ സ്വീകാര്യതയിലാണ് പ്രിയങ്ക ഗാന്ധി വയനാടിന്റെ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്നിപ്പോൾ പാർലമെന്റിൽ സംഘപരിവാറിന്റെയും മോദിയെയും നിരന്തരം വിമർശിക്കുന്നവരുടെ കൂട്ടത്തിൽ മുൻപന്തിയിൽ വയനാടിന്റെ എംപി ഉണ്ട്. രാഷ്ട്രീയ എതിരാളികളോട് കൃത്യവും ക്രിയാത്മവും ആയ മറുപടികൾ നൽകുന്നതിൽ പ്രിയങ്കയ്ക്ക് പ്രത്യേക കഴിവുണ്ട്. ആ കഴിവ് ഉള്ളപ്പോൾ തന്നെ ജനങ്ങളോട് സൗമ്യമായി ഇടപെടുകയും ചെയ്യുന്നത് പ്രിയങ്ക രാഷ്ട്രീയത്തിന്റെ സവിശേഷതയാണ്. ആ സവിശേഷതയുടെ സ്വീകാര്യത രാഷ്ട്രീയ സമവാക്യങ്ങൾക്കപ്പുറത്തേക്ക് കേരളത്തിലെ പൊതുസമൂഹത്തിന് അവരോട് ഉണ്ട്.
പ്രിയങ്ക ഇറങ്ങിയാൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുവാൻ കഴിയുമെന്ന് നേതൃത്വം വിലയിരുത്തുന്നുണ്ട്. സാധാരണ നിലയിൽ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോൺഗ്രസിന്റെ ദേശീയ നേതാക്കൾ എത്തുന്നത് പതിവല്ല. എന്നാൽ ആ പതിവ് തെറ്റിച്ചാണ് പ്രിയങ്ക ഗാന്ധി ആര്യാടൻ ഷൗക്കത്തിന് വേണ്ടി നിലമ്പൂരിൽ എത്തുക.
വയനാട് ലോക്സഭാ മണ്ഡല പര്യടനത്തിനായി ജൂൺ 9,10,11 തീയതികളിൽ അവർ കേരളത്തിലെത്തുന്നുണ്ട്. ഈ തീയതികളിലൊന്നിൽ പ്രിയങ്ക നിലമ്പൂരെത്തി ഷൗക്കത്തിന്റെ പ്രചാരണത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. ഒരുദിവസം പൂർണമായും ഷൗക്കത്തിനു വേണ്ടിയുള്ള പ്രചാരണത്തിന് പ്രിയങ്ക ചെലവഴിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിക്കുന്നു. ജൂൺ 19നാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്. 23-ാം തീയതി വോട്ടെണ്ണൽ.
പി വി അൻവറിന്റെ രാജിക്ക് പിന്നാലെയാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ ഏതുവിധേനയും വിജയിക്കേണ്ടത് കോൺഗ്രസിന് അങ്ങേയറ്റം അനിവാര്യമാണ്. അതിനുവേണ്ടിയാണ് പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവരെ മണ്ഡലത്തിൽ ഇറക്കി വൻ പ്രചാരണത്തിന് പാർട്ടി ഒരുങ്ങുന്നത്.
നിലമ്പൂർ മണ്ഡലത്തിലും ആകെ പോൾ ചെയ്ത വോട്ടുകളിൽ ഭൂരിഭാഗം വോട്ടുകളും ലഭിച്ചത് പ്രിയങ്ക ഗാന്ധിക്ക് തന്നെയായിരുന്നു. മണ്ഡലത്തിൽ ആകെ പോൾ ചെയ്തത് 1,40,273 വോട്ടുകൾ ആയിരുന്നു. ഇതിൽ 95,043 വോട്ടുകളായിരുന്നു പ്രിയങ്ക ഗാന്ധിക്ക് ലഭിച്ചത്. സത്യൻ മൊകേരിക്ക് 29,911 വോട്ടുകളും നവ്യ ഹരിദാസിന് 13,555 വോട്ടുകളും മാത്രമാണ് ലഭിച്ചത്. അതായത് 65,132 വോട്ടുകളുടെ ഭൂരിപക്ഷമാണ് പ്രിയങ്കയ്ക്ക് നിലമ്പൂർ നൽകിയത്.
രാഹുൽ ഗാന്ധിക്കും മികച്ച ഭൂരിപക്ഷം ആയിരുന്നു നിലമ്പൂർ മണ്ഡലം നൽകിയിരുന്നത്. അന്ന് 1,61,318 വോട്ടുകൾ ആകെ പോൾ ചെയ്തപ്പോൾ 99,325 വോട്ടുകൾ രാഹുൽ ഗാന്ധിയ്ക്ക് ലഭിച്ചു. അന്ന് ആനി രാജയ്ക്ക് 42,962 വോട്ടുകളും കെ സുരേന്ദ്രന് 17,520 വോട്ടുകളും ആയിരുന്നു ലഭിച്ചിരുന്നത്. അങ്ങനെ നോക്കുമ്പോൾ നിലമ്പൂർ മണ്ഡലം കോൺഗ്രസിന് അനുകൂലമായ മണ്ഡലമാണ്.
പ്രിയങ്ക ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും മണ്ഡലത്തിൽ വലിയ സ്വീകാര്യത ഉണ്ട്. ആ സ്വീകാര്യത ഉപയോഗപ്പെടുത്തി പരമാവധി ഉയർന്ന ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കുവാനാണ് കോൺഗ്രസ് ലക്ഷ്യമാക്കുന്നത്. പ്രിയങ്കയ്ക്ക് ലഭിച്ച അതേ സ്വപ്നഭൂരിപക്ഷം തന്നെ കോൺഗ്രസിന്റെ മനസ്സിലുണ്ട്. എന്നാൽ അവിടെയാണ് സിപിഎം മുഖ്യമന്ത്രി പിണറായി വിജയനെ ഇറക്കി ചെക്ക് വെക്കുവാൻ ഒരുങ്ങുന്നത്.
മുഖ്യമന്ത്രിയും പ്രിയങ്കയും ഒരേ ദിവസം നിലമ്പൂരിൽ ഉണ്ടാകും. പ്രിയങ്കയെ ഇറക്കി ഉൾപ്പെടെ വലിയ പരിപാടികൾക്ക് കോൺഗ്രസ് നേതൃത്വം നൽകുമ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയനെ ഇറക്കി കൂറ്റൻ റാലിക്ക് ഉൾപ്പെടെ സിപിഎമ്മും ആസൂത്രണം ചെയ്യുന്നത്. നിലമ്പൂരിന്റെ മണ്ണിൽ മുഖ്യമന്ത്രി പിണറായി വിജയനാണോ അതോ പ്രിയങ്ക ഗാന്ധിക്ക് ആണോ കൂടുതൽ ജന സ്വീകാര്യത എന്നതാകും ഇനിയുള്ള ചർച്ച. ഏതായാലും പരസ്പരം മത്സരിച്ച് ആളുകളെ എത്തിക്കുവാനും പരിപാടികളുടെ മാറ്റുകൂട്ടാനും ഇരുമുന്നണികളും പരിശ്രമിക്കും.






