തിരുവനന്തപുരം∙ മണ്ഡലപുനർനിർണയ ബിൽ പാർലമെന്റിലെത്തുമ്പോൾ ഓരോ വോട്ടും നിർണായകമായ ഘട്ടത്തിൽ കെ.സുധാകരൻ എംപിയുടെ വിദേശയാത്ര കോൺഗ്രസിനു തലവേദനയാകുന്നു. യുഎസിലെ ചികിത്സയ്ക്കായി സുധാകരൻ കുടുംബസമേതം 26ന് രാത്രിയാണ് അബുദാബിയിലേക്കു പോയത്. വിദേശത്തുള്ള കെ.സുധാകരനെ തിരികെ എത്തിക്കാനുള്ള തീവ്രശ്രമത്തിലാണു കോൺഗ്രസ് നേതാക്കൾ.
സുധാകരനുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ കഴിഞ്ഞിട്ടില്ല. അടുപ്പമുള്ളവരെ വിവരം അറിയിച്ചിട്ടുണ്ട്. അതേസമയം, തന്നെ അറിയിച്ചിട്ടാണ് സുധാകരൻ വിദേശത്ത് പോയതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. 540 അംഗ ലോക്‌സഭയിൽ 360 പേരുടെ പിന്തുണയാണ് കേന്ദ്രസർക്കാരിനു ബിൽ പാസാക്കാൻ ആവശ്യമായി വരുന്നത്. എൻഡിഎയുടെ 322 സീറ്റുകൾക്കു പുറമേ എൻസിപി(എസ്പി), ഡിഎംകെ, ജെഎംഎം, വൈഎസ്ആർസിപി എന്നിവരുടെ പിന്തുണ കൂടി ലഭിച്ചാൽ 359 സീറ്റുകൾ കേന്ദ്രസർക്കാരിന് ഉറപ്പിക്കാനാകും. എന്നാലും ഒരു സീറ്റിന്റെ കുറവുണ്ടാകും. ഈ സാഹചര്യത്തിലാണ് സുധാകരന്റെ അഭാവം ചർച്ചയാകുന്നത്.
പ്രതിപക്ഷത്ത് വിള്ളൽ വരുത്തി മണ്ഡല പുനർനിർണയ ഭരണഘടന ഭേദഗതി ബിൽ കേന്ദ്രം പാർലമെന്റിൽ ഏതു വിധേനെയും പാസാക്കിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കോൺഗ്രസ് എംപി വിദേശത്തേക്കു പോയത്. മുഴുവൻ എംപിമാരുടെയും ഹാജർ ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്. ഇതിനിടയിലാണ് വിദേശത്തേക്ക് പോയ കെ.സുധാകരനെ ബന്ധപ്പെടാൻ ആകാതെ നേതാക്കൾ നട്ടംതിരിയുന്നത്.
എല്ലാ എംപിമാരോടും നാളെ ഡൽഹിയിൽ എത്തണമെന്നാണ് എഐസിസി നേതൃത്വം നിർദേശിച്ചിരിക്കുന്നത്. തിങ്കളാഴ്ച ബിൽ അവതരിപ്പിക്കാനിരിക്കെ സുധാകരനെ ബന്ധപ്പെടാൻ കെ.സി.വേണുഗോപാലും രമേശ് ചെന്നിത്തലയും ഉൾപ്പെടെ നേതാക്കൾ പലവഴി നോക്കിയെങ്കിലും കഴിഞ്ഞിട്ടില്ല. രണ്ടുദിവസം അബുദാബിയിൽ തങ്ങിയ ശേഷം സുധാകരൻ അമേരിക്കയിലേക്ക് പോകുമെന്നാണ് കുടുംബം സൂചിപ്പിക്കുന്നത്.


