കോഴിക്കോട്: ഉത്സവത്തിനിടെ ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. മൂന്ന് പേര്‍ക്ക് കോമരത്തിന്റെ വാള്‍ ഉപയോഗിച്ച് വെട്ടേറ്റു. കോഴിക്കോട് താമരശ്ശേരി ചാലക്കരയിലാണ് അനിഷ്ടസംഭവങ്ങള്‍ നടന്നത്. കാവിലെ ഉത്സവം സംബന്ധിച്ചുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ചാലക്കര ഇരട്ടക്കുളങ്ങരയില്‍ കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെയാണ് സംഭവം. ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരു വിഭാഗം പുറമെ നിന്നും ആളുകളെ വരുത്തി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് സംഘം കോമരത്തിന്റെ വാള്‍ ഉപയോഗിച്ചും ആക്രമണം നടത്തി. താമരശ്ശേരി ഇരട്ടക്കുളങ്ങര കൃഷ്ണന്‍കുട്ടി (67), മകന്‍ ജിനീഷ് ലാല്‍ (46) എന്നിവര്‍ക്കാണ് വയറിന് പരിക്കേറ്റത്. ഇവരുടെ തന്നെ ബന്ധുവായ ബാലുശ്ശേരി സ്വദേശി വിനോദിന് (49) ആണ് തലയ്ക്ക് പരിക്കേറ്റത്. പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേറ്റത്. ബിജില (38), പുഷ്പ (45), കല്യാണി (54) എന്നിവര്‍ക്കാണ് പരിക്കേറ്റത്. എല്ലാവരും ആശുപത്രിയില്‍ ചികിത്സ തേടി.



