ചെന്നൈ: ഡിറ്റ് വാ ചുഴലിക്കാറ്റിൽ തമിഴ്നാട്ടിൽ മൂന്ന് പേർ മരിച്ചു. . ഡെൽറ്റ ജില്ലകളിലെ കനത്ത മഴ വ്യാപക കൃഷിനാശമുണ്ടാക്കിയതായി റിപ്പോർട്ടുകളുണ്ട്. ചെന്നൈ ഉൾപ്പെടെ വടക്കൻ ജില്ലകളിൽ നാളെ രാവിലെ വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നാഗപ്പട്ടണത്തും മയിലാടുതുറൈയിലും രാമനാഥപുരത്തും ആയിരത്തിലേറെ ഹെക്ടർ കൃഷിഭൂമിയിൽ വെള്ളം കയറിയിട്ടുണ്ട്. പുതുച്ചേരിയിൽ മഴയും കാറ്റും ശക്തമായതോടെ തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ശ്രീലങ്കയിലേക്കുള്ള വിമാനങ്ങൾ അടക്കം ചെന്നൈയിൽ നിന്നുള്ള 50 ലധികം സർവ്വീസുകൾ റദ്ദാക്കിയിരുന്നു.
ശ്രീലങ്ക വിട്ട്, ഇന്ത്യൻ തീരത്തോട് അടുക്കുമ്പോഴേക്കും ദുർബലമായ ഡിറ്റ് വാ വൈകീട്ടോടെ അതിതീവ്ര ന്യൂനമർദ്ദമാകുമെന്നാണ് പ്രവചനം. വടക്കൻ തമിഴ്നാട് തീരത്ത് നിന്ന് 25 മുതൽ 50 കിലോമീറ്റർ അകലെയായി ബംഗാൾ ഉൾക്കടലിലൂടെ ആന്ധ്ര തീരത്തേക്ക് ഡിറ്റ് വാ നീങ്ങും.




