കോട്ടയം: പൊൻകുന്നം പഴയചന്തയിലെ വാടകവീട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങന്നൂർ ബുധനൂർ എണ്ണയ്ക്കാട് ചാത്തേൽ സാജൻ മാത്യു (34)യും ഭാര്യ അനുഷ (29)യുമാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടര വയസ്സുകാരി മകളെ വീട്ടിൽ സുരക്ഷിതമായി കണ്ടെത്തി. കിടപ്പുമുറിയിൽ കഴുത്തിലും ശരീരത്തിലും മുറിവേറ്റ നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ. ദമ്പതികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് അനുഷയെ കൊലപ്പെടുത്തിയ ശേഷം സാജൻ സ്വയം കഴുത്തിൽ മുറിവേൽപ്പിച്ച് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇരുനില വീടിന്റെ മുകളിലെ നിലയിലാണ് ഇവർ വാടകയ്ക്ക് താമസിച്ചിരുന്നത്. ഇവിടെ താമസിക്കാൻ എത്തിയിട്ട് വെറും ഏഴ് ദിവസമേ ആയിട്ടുള്ളൂ. അതേ നിലയിൽ മറ്റൊരു കുടുംബവും താമസിക്കുന്നുണ്ട്. ഞായറാഴ്ച രാത്രി വീട്ടിൽ നിന്ന് വഴക്കിന്റെ ശബ്ദം കേട്ടതായി സമീപവാസികൾ പറഞ്ഞു. പിന്നീട് അടുത്ത മുറിയിൽ താമസിക്കുന്നവരും വീട്ടുടമയും ഇവരെ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. മുകളിലെ വീട്ടിലെത്തിയപ്പോൾ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
ഇന്നലെ രാവിലെ ഇടനിലക്കാരൻ സ്ഥലത്തെത്തി വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ പൊലീസിനെ വിവരം അറിയിച്ചു. പൊലീസിന്റെ നിർദേശപ്രകാരം മറ്റൊരു താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്ന് അകത്ത് കയറുമ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം ഉറക്കമുണർന്ന് കട്ടിലിൽ ഇരിക്കുന്ന നിലയിലായിരുന്നു കുഞ്ഞ്. ഡിവൈഎസ്പി വിശാൽ ജോൺസന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അനുഷ കറുകോടിയിലെ എൽസമ്മ–തങ്കച്ചൻ ദമ്പതികളുടെ മകളാണ്. സാജനുമായുള്ളത് അനുഷയുടെ രണ്ടാം വിവാഹമാണ്. ആദ്യബന്ധത്തിലെ പത്ത് വയസ്സുകാരി മകൾ അനുഷയുടെ വീട്ടിലാണു താമസം. സാജൻ മണ്ണുമാന്തി ഓപ്പറേറ്ററായിരുന്നുവെന്നും അദ്ദേഹത്തിന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് നടത്തും.






