കോഴിക്കോട്: പുതുപ്പാടി കൈതപ്പൊയിലിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട കാക്കൂർ സ്വദേശി എം. ഹസ്നയുടെ താമസസ്ഥലത്തുനിന്നും രണ്ട് ആത്മഹത്യാക്കുറിപ്പുകൾ കണ്ടെത്തി. രണ്ടാമത്തെ ആത്മഹത്യാക്കുറിപ്പ് ഹസ്നയൊപ്പം ഏഴുമാസമായി താമസിക്കുന്ന പങ്കാളി ആദിലിന്റേതാണെന്നാണ് പോലീസ് പറയുന്നത്.
ആദിലിനെ പോലീസ് രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. വലിയ മാനസികസമ്മർദമുണ്ടായൊരു ഘട്ടത്തിൽ മുൻപ് എഴുതിയതാണ് ആത്മഹത്യാക്കുറിപ്പെന്നാണ് ആദിൽ പോലീസിന് നൽകിയ മൊഴി. ഹസ്നയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫൊറൻസിക് പരിശോധനകളും സൂചിപ്പിക്കുന്നതെന്ന് താമരശ്ശേരി ഇൻസ്പെക്ടർ വി.എം. ജയൻ അറിയിച്ചു.
ഹസ്നയെ മരണത്തിലേക്ക് തള്ളിവിട്ടതാണെന്ന് തെളിഞ്ഞാൽ പങ്കാളിയായ ആദിലിൻ്റെ പേരിൽ പ്രേരണാക്കുറ്റം ചുമത്തുമെന്ന് പോലീസ് വ്യക്തമാക്കി. വിവാഹമോചിതയും മൂന്നുകുട്ടികളുടെ മാതാവുമായ ഹസ്നയെ ഇക്കഴിഞ്ഞ ഡിസംബർ 31-നാണ് കൈതപ്പൊയിലിലെ സ്വകാര്യ അപ്പാർട്ട്മെന്റ്റിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.










