കല്‍പ്പറ്റ: പൊലീസ് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവ് ഗോകുല്‍ സ്റ്റേഷനില്‍ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ. ഗോകുലിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്.
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ കുളത്തൂര്‍ ജയ്‌സിങ്ങിന് ആഭ്യന്തരവകുപ്പ് നല്‍കിയ വിവരവകാശ മറുപടിയിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. ഗോകുലിന്റെ മരണത്തില്‍ സംസ്ഥാന പൊലീസ് മേധാവി സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തുകൊണ്ട് കത്ത് നല്‍കിയെന്നാണ് മറുപടിയില്‍ പറയുന്നത്.
ഗോകുലിന്റെ അസ്വാഭാവിക മരണത്തില്‍ നീതിപൂര്‍വ്വമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പരാതി നല്‍കിയിരുന്നു. ഇതോടൊപ്പം തന്നെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയേയും കുടുംബം സമീപിച്ചിരുന്നു. നിലവില്‍ ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്.
സുഹൃത്തായ പെണ്‍കുട്ടിയോടൊപ്പം കോഴിക്കോട്ടുനിന്ന് കസ്റ്റഡിയില്‍ എടുത്ത ഗോകുലിനെ പൊലീസ് സ്റ്റേഷന്റെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.






