കോഴിക്കോട്: സ്വകാര്യ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് യുവാവ് ജീവനൊടുക്കിയ കേസിൽ പ്രതിയായ ഷിംജിത മുസ്തഫയ്ക്ക് ഇന്ന് നിർണായക ദിനം. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഷിംജിതയുടെ ജാമ്യാപേക്ഷയിൽ കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. കോഴിക്കോട് സ്വദേശിയായ ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഷിംജിത റിമാൻഡിലാണ്.
ജാമ്യം അനുവദിച്ചാൽ പ്രതി സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കേസന്വേഷണം ഇപ്പോഴും പ്രാരംഭഘട്ടത്തിലാണെന്നും ജാമ്യം ലഭിച്ചാൽ അന്വേഷണം ബാധിക്കപ്പെടുമെന്നും മെഡിക്കൽ കോളേജ് പൊലീസ് കുന്നമംഗലം മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു. പൊലീസ് റിപ്പോർട്ട് പരിഗണിച്ച കോടതി ഇരു ഭാഗങ്ങളുടെയും വിശദമായ വാദം നേരത്തെ കേട്ടിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഷിംജിത വീഡിയോ പോസ്റ്റ് ചെയ്ത മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ പ്രതിയുടെ പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടില്ല.
അതേസമയം, ഷിംജിത പങ്കുവച്ച വീഡിയോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബസിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരി പൊലീസിനെ സമീപിച്ചു. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ താനും ഉൾപ്പെട്ടിട്ടുണ്ടെന്നും ഇത് ആളുകളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുമെന്നതിനാലാണ് വീഡിയോ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സിറ്റി സൈബർ പൊലീസിൽ പരാതി നൽകിയത്.










