കൊച്ചി: വികസിത വിപണികളിലെ സ്വകാര്യ സംരംഭങ്ങള്‍ക്ക് കഴിഞ്ഞ 60ലേറെ വര്‍ഷങ്ങളായി സാമ്പത്തിക സഹായവും ഉപദേശങ്ങളും നല്‍കി വരുന്ന ഡിഇജിയും വെല്‍ത്ത് മാനേജുമെന്‍റിലെ ആഗോള മുന്‍നിരക്കാരും അമേരിക്കയിലെ മികച്ച പേഴ്സണല്‍ ബാങ്കായ സിറ്റിയും മുന്‍നിര എന്‍ബിഎഫ്സി ആയ ശ്രീറാം ഫിനാന്‍സിന് 76 ദശലക്ഷം ഡോളറിന്‍റെ സംയുക്ത സാമ്പത്തിക പാക്കേജ് ലഭ്യമാക്കും. എല്ലാവരേയും സാമ്പത്തിക സേവനങ്ങളില്‍ ഉള്‍പ്പെടുത്തല്‍, ഗ്രാമവികസനം, കാലാവസ്ഥയുമായി ബന്ധപ്പെട്ട മൊബിലിറ്റി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഈ സംയുക്ത വായ്പാ പദ്ധതിയുടെ ഭാഗമായി ഡിഇജി 40 ദശലക്ഷം യൂറോയും സിറ്റി 260 കോടി രൂപയുമാകും ലഭ്യമാക്കുക. മുന്‍ഗണനാ മേഖലകളിലെ കമ്പനിയുടെ നവീനമായ വായ്പാ പദ്ധതികള്‍ വഴി ഇന്ത്യയിലെ കുറഞ്ഞ അളവില്‍ മാത്രം സേവനം ലഭ്യമായ മേഖലകളിലെ പ്രവര്‍ത്തങ്ങള്‍ ശക്തമാക്കാന്‍ ഇതു പിന്തുണയേകും. ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭ മേഖലയിലും വൈദ്യുത വാഹന വായ്പാ മേഖലയിലും വനിതാ സംരഭകരുടെ മേഖലയിലും സേവനങ്ങള്‍ ലഭ്യമാക്കുകയും കുറഞ്ഞ തോതില്‍ മാത്രം സാമ്പത്തിക സേവനങ്ങള്‍ ലഭ്യമായ മേഖലകളില്‍ ഔപചാരിക സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നതിന് ഡിഇജിയുടെ വായ്പ പിന്തുണ നല്‍കും. ചെറുകിട കര്‍ഷകര്‍ക്ക് സിറ്റിയുടെ വായ്പകളും പിന്തുണ നല്‍കും.
വന്‍ നേട്ടങ്ങള്‍ സൃഷ്ടിക്കുന്ന ഈ നീക്കത്തിനായി ഡിഇജിയും സിറ്റിയുമായി സഹകരിക്കാന്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് ശ്രീറാം ഫിനാന്‍സ് എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ ഉമേഷ് രെവങ്കര്‍ പറഞ്ഞു. ഇന്ത്യയിലുടനീളം ഔപചാരിക സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കാനുള്ള തങ്ങളുടെ നീക്കത്തിന് ഇതു പിന്തുണ നല്‍കുമെന്നും ഇതു ചെറുകിട സംരംഭകര്‍, വനിതാ സംരംഭകര്‍, വൈദ്യുത വാഹനങ്ങള്‍ വാങ്ങുന്നവര്‍, ചെറുകിട കര്‍ഷകര്‍ തുടങ്ങിയവര്‍ക്കു സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അര്‍ത്ഥവത്തായ വികസന നേട്ടങ്ങള്‍ കൈവരിക്കുന്നതിനായി ആഗോള സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് എങ്ങനെ ഫലപ്രദമായി പങ്കാളികളാകാം എന്നതിന്‍റെ ഉദാഹരണമാണ് ഈ സംയുക്ത ധനസഹായമെന്ന് സിറ്റി ഇന്ത്യയുടെ കോര്‍പ്പറേറ്റ് ബാങ്കിംഗ് വിഭാഗത്തിലെ ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഹെഡും മാനേജിംഗ് ഡയറക്ടറായ അനുരാധ ചൗധരി പറഞ്ഞു.
ശ്രീറാം ഫിനാന്‍സിന്‍റെ സഹായത്തോടെ മുന്‍ഗണന നല്‍കേണ്ടതും സേവനങ്ങള്‍ കുറഞ്ഞതുമായ മേഖലകളിലേക്ക് കടന്നുചെല്ലുന്നതിലൂടെ, ഏറ്റവും ആവശ്യമുള്ള ഇടങ്ങളില്‍ സാമ്പത്തിക ശാക്തീകരണം സാധ്യമാക്കാന്‍ തങ്ങള്‍ക്ക് കഴിയും. 2030-ഓടെ സുസ്ഥിര ധനകാര്യത്തിനായി 1 ട്രില്യണ്‍ യുഎസ് ഡോളര്‍ ലഭ്യമാക്കുക എന്ന ആഗോള ലക്ഷ്യം 2021-ല്‍ സിറ്റി പ്രഖ്യാപിച്ചിരുന്നു. ബാങ്കിന്‍റെ ഈ സുസ്ഥിരതാ പ്രതിബദ്ധതയ്ക്ക് അനുസൃതമാണ് നിലവിലെ ഈ നടപടിയെന്ന് അനുരാധ ചൗധരി കൂട്ടിച്ചേര്‍ത്തു.






