ന്യൂഡൽഹി: ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൃതദേഹം സ്യൂട്ട്കേസിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അജിത് വിഹാറിലെ റോഡിൽ ഉപേക്ഷിച്ച സ്യൂട്ട്കേസിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.
പൊലീസ് ഉദ്യോഗസ്ഥന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുവായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തെക്കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെ ഇയാളെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ കൊലപാതകം നടത്തിയതായി ഇയാൾ സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്. തുടർന്ന് ഇയാളെ സ്ഥലത്തെത്തിച്ചാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കൂവെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം സംബന്ധിച്ച് നിലവിൽ വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. അന്വേഷണം തുടരുകയാണ്.




