കോട്ടയം: ഭൂരിപക്ഷമുണ്ടായിട്ടും സംവരണ വിഭാഗത്തിൽ അംഗങ്ങളില്ലാത്തതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം യുഡിഎഫിന് കൈവിടേണ്ടി വരുന്നു. ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫ് അംഗം അമ്പിളി സജീവൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. 24 അംഗങ്ങളുള്ള ഭരണസമിതിയിൽ 14 അംഗങ്ങളുടെ വ്യക്തമായ ഭൂരിപക്ഷം യുഡിഎഫിനുണ്ടെങ്കിലും, പട്ടികവർഗ സംവരണമായ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ യുഡിഎഫ് നിരയിൽ ആളില്ലാത്തതാണ് തിരിച്ചടിയായത്. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ ക്വോറം തികയാത്തതിനെ തുടർന്ന് മാറ്റിവെച്ച വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കനകപ്പലം വാർഡിൽ നിന്നുള്ള കോൺഗ്രസ് അംഗം സാറാമ്മ ഏബ്രഹാം വിജയിച്ചിരുന്നു. എന്നാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് യുഡിഎഫ് വിട്ടുനിന്നതോടെ പ്രതിസന്ധി രൂപപ്പെടുകയായിരുന്നു. ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പിലും യുഡിഎഫ് വിട്ടുനിൽക്കാനാണ് തീരുമാനമെങ്കിൽ എൽഡിഎഫിന്റെ അമ്പിളി സജീവൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും.
എൽഡിഎഫിന് ഏഴ് അംഗങ്ങൾ മാത്രമാണുള്ളതെങ്കിലും സാങ്കേതികമായ ഈ സാഹചര്യം അവർക്ക് അനുകൂലമാകുകയാണ്. അതേസമയം, യുഡിഎഫ് അംഗങ്ങൾ തിരഞ്ഞെടുപ്പിൽ പങ്കെടുത്ത് വോട്ട് രേഖപ്പെടുത്തിയാൽ അപ്രതീക്ഷിതമായ രാഷ്ട്രീയ അട്ടിമറികൾക്കും സാധ്യതയുണ്ട്. നിലവിൽ യുഡിഎഫ്- 14, എൽഡിഎഫ്- 7, എൻഡിഎ- 2, സ്വതന്ത്രൻ- 1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില.




