തിരുവനന്തപുരം:പുതിയ യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് പ്രതികരിച്ച് നിയുക്ത മന്ത്രിമാരും ജനപ്രതിനിധികളും. എല്ലാവരെയും വിശ്വാസത്തിൽ എടുത്ത് മുന്നോട്ടുപോകുമെന്നും ഉദ്യോഗസ്ഥരുടെ പൂർണ്ണ സഹകരണം ഉറപ്പാക്കുമെന്നും നിയുക്ത മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. ദേവസ്വം ബോർഡിനെ പൂർണ്ണമായും അഴിമതിമുക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് മുൻപായി തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മന്ത്രിസഭയിൽ അംഗമാകാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് നിയുക്ത മന്ത്രി അനൂപ് ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ഏത് വകുപ്പാണ് ലഭിക്കുക എന്ന് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും ഏത് വകുപ്പ് ലഭിച്ചാലും മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയുമെന്ന പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോഴത്തെ ടീം യു.ഡി.എഫ് വളരെ മികച്ചതാണെന്നും അനൂപ് ജേക്കബ് ഓർമ്മിപ്പിച്ചു. സത്യപ്രതിജ്ഞയ്ക്ക് മുൻപായി പാളയം പള്ളിയിലെത്തി പ്രാർഥനയിൽ പങ്കെടുത്ത നിയുക്ത മന്ത്രി സണ്ണി ജോസഫും സമാനമായ പ്രതികരണമാണ് നടത്തിയത്. ഒരു ടീമായി ഒത്തൊരുമയോടെ മുന്നോട്ടുപോകുമെന്നും മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിലെ പുനഃസംഘടനയുമായി ബന്ധപ്പെട്ടുയർന്ന ചെറിയ അതൃപ്തികളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, എല്ലാത്തിനും ഉടൻ തന്നെ പരിഹാരമുണ്ടാകുമെന്നും ഇത്രയും വലിയ ഐക്യം മുന്നണിയിൽ ഉണ്ടായ ഒരു കാലം മുൻപുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടി തന്നെ ഏൽപ്പിച്ചത് വളരെ വലിയൊരു ദൗത്യമാണെന്ന് നിയുക്ത മന്ത്രി റോജി എം. ജോൺ പ്രതികരിച്ചു. യുവാക്കൾക്ക് വലിയ പ്രാതിനിധ്യമുള്ള നിയമസഭയാണിത്. യുവാക്കൾക്ക് രാഷ്ട്രീയത്തിലേക്ക് കടന്നുവരാൻ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ വലിയ പിന്തുണയാണ് നൽകുന്നത്. തിരഞ്ഞെടുപ്പിൽ 14 സീറ്റും വിജയിച്ചതിന്റെ അർഹമായ പ്രതിനിധ്യം ഇപ്പോൾ മന്ത്രിസഭയിൽ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് തികച്ചും അഭിമാനകരമായ നിമിഷമാണെന്നും വകുപ്പുകളുടെ കാര്യത്തിൽ മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കുമെന്നും സി.പി. ജോൺ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ചർച്ചകളെല്ലാം പൂർത്തിയായിട്ടുണ്ടെന്നും ജനങ്ങൾക്കായി മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ കാഴ്ചവക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിസഭയിലെ വകുപ്പുകൾ ഏതെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണെന്ന് കെ.എം. ഷാജിയും മാധ്യമങ്ങളോട് പ്രതികരിച്ചു.






