പാലക്കാട്: ‘പവനരച്ചെഴുതുന്നു കോലങ്ങളെന്നും…’ എന്ന ഗാനവരികൾ മലയാളികൾക്ക് സുപരിചിതമാണ്. ‘വിയറ്റ്നാം കോളനി’ എന്ന മോഹൻലാൽ ചിത്രത്തിലൂടെ ശ്രദ്ധേയമായ ഈ വരികൾ മനസ്സിൽ വരച്ചിടുന്നത് പാലക്കാട്ടെ കല്പാത്തിയുടെ മനോഹരമായ പുലരികളാണ്. തമിഴ് പാരമ്പര്യവും ആചാരത്തനിമയും ഇഴചേർന്ന കല്പാത്തിയുടെ ജീവിതത്തിൽ കോലങ്ങൾക്ക് പ്രത്യേക സ്ഥാനമുണ്ട്. സൂര്യോദയത്തിന് മുൻപേ വീടുകളുടെ നടുമുറ്റത്തും മുറ്റത്തും മംഗളസൂചകമായി കോലങ്ങൾ വരയ്ക്കുന്നത് തലമുറകളായി കൈമാറിവരുന്ന ആചാരമാണ്. ഉത്സവദിനങ്ങളിൽ കളർപ്പൊടികൾ ഉപയോഗിച്ച് വലിയ കോലങ്ങൾ തീർക്കും. അരിമാവ് കൊണ്ടുള്ള മാക്കോലങ്ങളും ഈ ആഘോഷങ്ങളുടെ ഭാഗമാണ്.
പാലക്കാട്ടെ അഗ്രഹാരങ്ങളിലെ ഉത്സവകാലത്തിന് തുടക്കമാകുന്നത് പുതുക്കോട്ടെയും കൊടുന്തിരപ്പുള്ളിയിലെയും നവരാത്രി ആഘോഷങ്ങളോടെയാണ്. കല്പാത്തി രഥോത്സവത്തിന് പിന്നാലെ തൃക്കാർത്തികയും എത്തും. ധനുമാസത്തിലെ തിരുവാതിര നാളിൽ കൊടുവായൂർ, അയിലൂർ, ചൊക്കനാഥപുരം എന്നിവിടങ്ങളിൽ ഉത്സവമൂർത്തികൾ രഥാരോഹണം നടത്തും. മേടമാസത്തിൽ കുമരപുരം, ഗോവിന്ദരാജപുരം, ശേഖരീപുരം, തൊണ്ടികുളം, നൂറണി, ആലമ്പള്ളം പെരുമാൾകോവിൽ തുടങ്ങിയ അഗ്രഹാരങ്ങളിൽ വസന്തോത്സവവും രഥോത്സവവും നടക്കും. മകരമാസത്തിൽ നൊച്ചൂരിലാണ് ഭഗവതിയുടെ രഥോത്സവം നടക്കുന്നത്.
ആചാരാനുഷ്ഠാനങ്ങൾക്ക് പ്രത്യേക ചിട്ട
ഉത്സവത്തിന് കൊടിയേറുന്നതിന് മുൻപുതന്നെ ക്ഷേത്രങ്ങളിൽ ചടങ്ങുകൾ ആരംഭിക്കും. കൊടിയേറ്റത്തിന് തലേദിവസം ഓരോ ഗ്രാമത്തിലും വാസ്തുശാന്തി, പ്രതിസരം തുടങ്ങിയ ചടങ്ങുകൾ നടത്തും. വൈദികകാര്യങ്ങളിൽ ഗ്രാമപുരോഹിതർക്കാണ് നിർണായക സ്ഥാനം. ആചാരാനുഷ്ഠാനങ്ങൾ പാലിച്ചാണ് കൊടിയേറ്റവും മറ്റ് ചടങ്ങുകളും നടക്കുന്നത്. വൈഷ്ണവക്ഷേത്രങ്ങളിൽ വൈഖാനസ ആഗമവിധിയും ശിവക്ഷേത്രങ്ങളിലും മന്തക്കര മഹാഗണപതി ക്ഷേത്രത്തിലും കാമികാഗമം എന്ന ശൈവാഗമവിധിയുമാണ് പിന്തുടരുന്നതെന്ന് പാലക്കാട്ടെ മുതിർന്ന വൈദികനും തന്ത്രിയുമായ കുമരപുരം രാമഗോവിന്ദ ഭട്ടാചാര്യർ പറയുന്നു.
കൊടിയേറ്റത്തിന് പിന്നാലെ രഥോത്സവം വരെയുള്ള ദിവസങ്ങളിൽ വിവിധ വാഹനങ്ങളിൽ ഉത്സവമൂർത്തികളെ എഴുന്നള്ളിക്കും. ഹംസം, സിംഹം, ഹനുമാൻ, ഗരുഡൻ, ഫണീന്ദ്രൻ, കരിരാജൻ, പുഷ്പയാനം, അശ്വം എന്നിങ്ങനെയാണ് വാഹനങ്ങളുടെ ക്രമം. രഥപ്രയാണത്തിനുശേഷം പല്ലക്കിലും എഴുന്നള്ളത്തുണ്ടാകും.
പുതിയ കല്പാത്തിയിൽ രഥാരോഹണത്തിന് മുന്നോടിയായുള്ള എഴുന്നള്ളത്തുകളിൽ പ്രധാനമാണ് അശ്വവാഹനം. പഴയ കല്പാത്തിയിൽ ആഞ്ജനേയ, ഗരുഡ വാഹനങ്ങളിലും ചാത്തപുരത്ത് മൂഷികവാഹനത്തിലുമാണ് ഉത്സവമൂർത്തികളെ എഴുന്നള്ളിക്കുന്നത്. വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിൽ ഋഷഭവാഹനത്തിന് പുറമേ ഗണപതിക്ക് മൂഷികവാഹനത്തിലും സുബ്രഹ്മണ്യസ്വാമിക്ക് മയിൽവാഹനത്തിലുമുള്ള ചെറിയ രഥങ്ങളിലായിരിക്കും എഴുന്നള്ളത്ത്.
ദിവസേനയുള്ള എഴുന്നള്ളത്തുകൾക്കായി ശരാശരി നൂറുകിലോയിലേറെ പൂക്കൾ അലങ്കാരത്തിന് ഉപയോഗിക്കാറുണ്ടെന്ന് പഴയ കല്പാത്തി ക്ഷേത്രം മാനേജിങ് ട്രസ്റ്റി സി.എസ്. മഹേഷ് പറയുന്നു. രാത്രിയിലെ എഴുന്നള്ളത്ത് വീടുകൾക്ക് മുന്നിലെത്തുമ്പോൾ മണ്ഡലപ്പടി എന്നറിയപ്പെടുന്ന നിവേദ്യം സമർപ്പിക്കും. പിന്നീട് ഗ്രാമവീഥികളിലെത്തുന്ന ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്യും. ലഡു, ജിലേബി, വട, ബജി തുടങ്ങിയ വിഭവങ്ങളും ഉത്സവത്തിന്റെ രുചിവൈവിധ്യമാണ്. പഴയ കല്പാത്തിയിലെ ആഞ്ജനേയവാഹനം അലങ്കരിക്കാൻ പതിനായിരത്തിലേറെ ഉഴുന്നുവടകളാണ് ഉപയോഗിക്കുന്നത്.
കല്പാത്തിയിൽ ഇന്ന് രഥാരോഹണം
പൈതൃകഗ്രാമമായ കല്പാത്തിയിൽ ഗ്രാമദേവതകളുടെ രഥാരോഹണം ഇന്ന് നടക്കും. ഇതോടെ മൂന്ന് ദിവസം നീളുന്ന രഥോത്സവത്തിന് തുടക്കമാകും. കല്പാത്തിയിലെ അഗ്രഹാരവീഥികൾ ഭക്തജനങ്ങളാൽ നിറയുന്ന ആഘോഷനാളുകളാണ് ഇനി വരാനിരിക്കുന്നത്. തിങ്കളാഴ്ച സന്ധ്യയോടെ തേരുമുട്ടിയിൽ ദേവരഥങ്ങൾ സംഗമിക്കുന്നതുവരെ തേരുകൊട്ടിന്റെ അകമ്പടിയിൽ ഭക്തർ ആഘോഷങ്ങളിൽ പങ്കുചേരും.
ആദ്യദിനമായ ശനിയാഴ്ച വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലെ മൂന്ന് രഥങ്ങളാണ് പ്രയാണം ആരംഭിക്കുക. ഞായറാഴ്ച പുതിയ കല്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥവും യാത്ര തുടങ്ങും. മൂന്നാം ദിവസമായ തിങ്കളാഴ്ച പഴയ കല്പാത്തി, ചാത്തപ്പുരം ഗ്രാമദേവതകളുടെ രഥങ്ങളും പ്രയാണം ആരംഭിക്കും. വൈകീട്ടോടെ രഥങ്ങൾ തേരുമുട്ടി കടന്ന് പുതിയ കല്പാത്തി ഗ്രാമവീഥിയിൽ മുഖാമുഖം എത്തുന്നതോടെ രഥസംഗമം നടക്കും. ഉത്സവത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണിത്.
ശനിയാഴ്ച രാവിലെ ഏഴുമുതൽ ഉപനിഷദ്, വേദപാരായണങ്ങൾ നടക്കും. പാരായണം പൂർത്തിയായശേഷം രാവിലെ പത്തുമുതൽ വിശ്വനാഥസ്വാമിയുടെയും വിശാലാക്ഷി അമ്മന്റെയും തിരുകല്യാണ ഉത്സവം നടക്കും. തുടർന്ന് മംഗളവാദ്യങ്ങളുടെയും വേദഘോഷങ്ങളുടെയും അകമ്പടിയോടെ വിഗ്രഹങ്ങൾ പുറത്തേക്ക് എഴുന്നള്ളിക്കും. മായാവരത്തെ ഉത്സവത്തിന് സമാനമായ ആചാരാനുഷ്ഠാനങ്ങളാണ് കല്പാത്തിയിലും പിന്തുടരുന്നത്.
പാലക്കാട്ടുശ്ശേരി രാജപ്രതിനിധിയും ക്ഷേത്രം ട്രസ്റ്റിയുമായ വി.കെ. ചന്ദ്രശേഖരവർമയുടെ പ്രതിനിധിയും മാനേജിങ് ട്രസ്റ്റിയുമായ വി.കെ. സുജിത്കുമാർവർമയുടെയും ഗ്രാമവാസികളുടെയും നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. രഥാരോഹണത്തിന് ശേഷം കിഴക്കുദിശയിലേക്ക് കുറച്ചുദൂരം രഥങ്ങൾ വലിച്ചുനീക്കും. രാവിലെ 11.45നും 12.15നും ഇടയിലാണ് രഥാരോഹണം. വൈകീട്ട് നാലിന് രഥപ്രയാണം പുനരാരംഭിക്കും. ആദ്യദിവസം മന്തക്കര മഹാഗണപതി ക്ഷേത്രത്തിന് മുന്നിലെത്തി അച്ചൻപടിക്ക് സമീപം രഥങ്ങൾ നിലയുറപ്പിക്കും. വൈകീട്ടത്തെ പൂജകൾ ഇവിടെവെച്ചാണ് നടക്കുക. രണ്ടാം ദിവസം വൈകീട്ട് നാലിന് ഇവിടെനിന്ന് മൂന്ന് രഥങ്ങളും വീണ്ടും യാത്ര തുടങ്ങും.
പുതിയ കല്പാത്തിയിൽ അശ്വവാഹനം
പുതിയ കല്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിൽ ശനിയാഴ്ച രാത്രിയിലെ എഴുന്നള്ളത്ത് അശ്വവാഹനത്തിലാണ്. പരമ്പരാഗത രീതിയിലാണ് വാഹനം അലങ്കരിക്കുന്നത്. രാവിലെ ആറിന് യാഗശാലാ പൂജകൾ ആരംഭിക്കും. എട്ടിന് വേദപാരായണവും രുദ്രാഭിഷേകവും നടക്കും. പതിനൊന്നിന് കലശാഭിഷേകവും വൈകീട്ട് 6.45ന് രുദ്രക്രമാർച്ചനയും പൂർത്തിയാക്കിയ ശേഷമാണ് അശ്വവാഹനത്തിലെ എഴുന്നള്ളത്ത്.
പഴയ കല്പാത്തിയിൽ മോഹിനി അലങ്കാരം
പഴയ കല്പാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രത്തിൽ ശനിയാഴ്ചത്തെ എഴുന്നള്ളത്ത് മോഹിനി അലങ്കാരത്തിലായിരിക്കും. അമൃതകലശം കൈയിലേന്തിയ രൂപത്തിലാണ് അലങ്കാരം. രാവിലെ 8.30ന് വിഘ്നേശ്വരപൂജയും സങ്കൽപ്പവും നടക്കും. രാവിലെ 11ന് കളഭാഭിഷേകവും രാത്രി 8.30ന് എഴുന്നള്ളത്തും നടക്കും.
ചാത്തപ്പുരത്ത് മൂഷികവാഹനം
ചാത്തപ്പുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിൽ ശനിയാഴ്ച ഉത്സവമൂർത്തിയെ മൂഷികവാഹനത്തിലാണ് എഴുന്നള്ളിക്കുന്നത്. രാവിലെ 8.30ന് യാഗശാലാ പുണ്യാഹവും പൂജകളും ആരംഭിക്കും. തുടർന്ന് അഗ്നി ആരാധന, ചതുർവേദ പാരായണം, രാവിലെ 11ന് ഉത്സവബലി എന്നിവ നടക്കും. വൈകീട്ട് ആറിന് യാഗശാലാ പൂജയും ഏഴിന് പുഷ്പാഭിഷേകവും ചതുർവേദ പാരായണവും പൂർത്തിയാക്കിയശേഷം രാത്രി ഒൻപതിന് എഴുന്നള്ളത്ത് ആരംഭിക്കും.


