തിരുവനന്തപുരം: ബോർഡ്, കോർപറേഷൻ പദവികൾ വൈകുന്നതിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി ശക്തമാകുന്നു. കെപിസിസി ഭാരവാഹി യോഗത്തിലാണ് ഇതു സംബന്ധിച്ച് വിമർശനം ഉയർന്നത്. പദവികളുടെ കാര്യത്തിൽ മുസ്ലിം ലീഗിന് മാത്രമാണ് പരിഗണന ലഭിക്കുന്നതെന്നായിരുന്നു പ്രധാന പരാതി.
ആറ് മാസം കഴിഞ്ഞിട്ടും കോൺഗ്രസിന് അർഹമായ ബോർഡ്, കോർപറേഷൻ പദവികൾ ലഭിച്ചിട്ടില്ലെന്നാണ് നേതാക്കളുടെ വിമർശനം. കോൺഗ്രസിന്റെ പദവികൾ സംബന്ധിച്ച വിവരങ്ങൾ പോലും ലീഗിൽ നിന്നാണ് അറിയുന്നതെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
ഭരണമാറ്റം ഉണ്ടായിട്ടും പല പദവികളിലും സിപിഎം നേതാക്കൾ തുടരുകയാണ്. ഇതോടെ ഭരണമാറ്റത്തിന്റെ യഥാർഥ ഫലം അനുഭവപ്പെടുന്നില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. ചില മന്ത്രിമാരുടെ ജില്ലകളിലെ സന്ദർശന വിവരങ്ങൾ പോലും പ്രാദേശിക നേതാക്കളെ അറിയിക്കുന്നില്ലെന്ന പരാതിയും യോഗത്തിലുണ്ടായി.
പദവി വിഭജനത്തിൽ എ ഗ്രൂപ്പ് വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്നാണ് ഗ്രൂപ്പിന്റെ പൊതുവികാരം. ഗ്രൂപ്പിനെ കൂടുതൽ സജീവമാക്കാനും തീരുമാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലെ ചർച്ചകളിൽ ഗ്രൂപ്പ് പ്രതിനിധിയെ കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാക്കാനും തീരുമാനമായി.


