തിരുവനന്തപുരം: ഭക്തർക്ക് വീട്ടിലിരുന്നും വഴിപാട് നടത്താനുള്ള സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. എല്ലാ വഴിപാടുകളും ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സംവിധാനമാണ് ദേവസ്വം ബോർഡ് ഒരുക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിലെ എല്ലാ വഴിപാടുകളും ഇത്തരത്തിൽ ഓൺലൈനായി ബുക്ക് ചെയ്യാനാകും.
വഴിപാടുകൾ ഓൺലൈനായി ബുക്ക് ചെയ്യാനുള്ള കൗണ്ടർ ബില്ലിംഗ് മൊഡ്യൂളിന്റെ ഉദ്ഘാടനം നാളെ മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. നാളെ വൈകിട്ട് അഞ്ചുമണിക്ക് കൊട്ടാരക്കര ശ്രീമഹാഗണപതി ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിലാണ് കൗണ്ടർ ബില്ലിംഗ് മൊഡ്യൂൾ ഉദ്ഘാടനം ചെയ്യുക.










