രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ‘ധുരന്ധർ: ദ റിവഞ്ചി’നെ പ്രശംസിച്ച് തെന്നിന്ത്യൻ സൂപ്പർതാരം രജനീകാന്ത്. ‘ധുരന്ധർ 2’ ഓരോ ഇന്ത്യക്കാരനും നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമയാണെന്നാണ് രജനീകാന്ത് അഭിപ്രായപ്പെട്ടത്.
“എന്തൊരു സിനിമയാണ് ‘ധുരന്ധർ 2’. ആദിത്യ ധർ, ബോക്സ് ഓഫീസ് കാ ബാപ്. രൺവീറിനും മുഴുവൻ താരങ്ങൾക്കും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ. ഓരോ ഇന്ത്യക്കാരനും നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമ. ജയ്ഹിന്ദ്,” എന്നാണ് രജനീകാന്ത് കുറിച്ചത്.
ഇതിന് പിന്നാലെ നന്ദിയുമായി സംവിധായകൻ ആദിത്യ ധറും പ്രതികരിച്ചു. വലിയ സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച വ്യക്തിയിൽ നിന്നുള്ള അനുഗ്രഹമായി രജനീകാന്തിന്റെ വാക്കുകളെ കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
“വിനോദത്തെ അളക്കാൻ ഞങ്ങൾ ഉപയോഗിച്ച ഏക അളവുകോൽ താങ്കളാണ്. പതിറ്റാണ്ടുകളായി ഞങ്ങളെ വിസിലടിപ്പിക്കുകയും ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തതും താങ്കളാണ്. അതേ സ്റ്റൈലും ഗാംഭീര്യവും ഇന്നും തുടരുന്നത് മാജിക്കാണ്. ‘ധുരന്ധർ 2’ കണ്ടിരിക്കേണ്ട സിനിമയെന്ന് താങ്കൾ പറയുമ്പോൾ, അത് എന്റെ ജീവിതത്തിലെ സൂപ്പർസ്റ്റാർ നിമിഷമാണ്. വലിയ സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച വ്യക്തിയിൽ നിന്നുള്ള അനുഗ്രഹമായി അതിനെ കാണുന്നു. വാക്കുകൾക്കപ്പുറം കടപ്പെട്ടിരിക്കുന്നു,” എന്നാണ് ആദിത്യ ധർ കുറിച്ചത്.






