എന്നാലും സന്ദീപ് വാര്യർ സതീശനോട് ചെയ്ത ചെയ്ത്ത് വല്ലാത്തൊരു ചെയ്ത്തായി പോയി. ഇങ്ങനെയൊന്നും ആരും ആരോടും ചെയ്യരുത്. പറഞ്ഞുവരുന്നത് ബോംബിനെ പറ്റിയാണ്. ബോംബെന്നു പറയുമ്പോൾ കണ്ണൂരിലും കേരളത്തിന്റെ അവിടെയും ഇവിടെയും ഒക്കെ പൊട്ടുന്ന ബോംബ് അല്ല. ഇതൊരു വലിയ രാഷ്ട്രീയ ബോംബിന്റെ പ്രഖ്യാപനമായിരുന്നു. നടത്തിയതാകട്ടെ പ്രതിപക്ഷ നേതാവ് സാക്ഷാൽ വി ഡി സതീശനും. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ചില പെൺകുട്ടികളുടെ വെളിപ്പെടുത്തൽ കോൺഗ്രസിനെയും പ്രതിപക്ഷത്തെയും സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക് ആയിരുന്നു എത്തിച്ചത്.
പ്രതിസന്ധികളുടെ ചക്രവ്യൂഹത്തിലേക്ക് പോലും കോൺഗ്രസ് ആഴ്ന്നുപോയി. ഒന്നോ രണ്ടോ പെൺകുട്ടികളുടെ പരാതിയൊന്നും ആയിരുന്നില്ല. തുടർച്ചയായ എത്രയോ എത്രയോ പരാതികൾ രാഹുലിനെതിരെ രംഗത്തുവന്നു. പരാതികളുടെ പ്രളയം തന്നെ പുറം ലോകത്തേക്ക് വന്നതോടെ മറുപടി പറയാൻ കോൺഗ്രസിന് കഴിയാതെ പോയി. ആരോപണങ്ങളുടെ ശരം ആദ്യം തൊടുത്തുവിട്ട പ്രമുഖ നടി വി ഡി സതീശൻ തനിക്ക് പിതാവിനെ പോലെയാണെന്ന് പറഞ്ഞതോടെ പാർട്ടിക്കുള്ളിൽ സതീശൻ സംശയങ്ങളുടെ മുൾമുനയിലേക്ക് വീണുപോയി. അങ്ങനെയുള്ള സതീശന് അതിവേഗത്തിൽ നഷ്ടപ്പെട്ട പ്രതാപം തിരികെ പിടിക്കേണ്ടത് അത്യാവശ്യമായിരുന്നു. അങ്ങനെയാണ് ഒരു വലിയ രാഷ്ട്രീയ പ്രഖ്യാപനം നടത്തുന്ന നിലയിലേക്ക് സതീശൻ മാറിയത്.
ബിജെപിയെയും സിപിഎമ്മിനെയും ബാധിക്കുന്ന ഒരു വലിയ ബോംബ് തന്റെ കൈവശം ഉണ്ടെന്നായിരുന്നു സതീശന്റെ അവകാശവാദം. കോൺഗ്രസിനെ വെട്ടിലാക്കിയ രാഹുൽമാങ്കൂട്ടത്തിൽ വിവാദം ഒരുവിധം കെട്ടടങ്ങുന്നതിനു പിന്നാലെയായിരുന്നു സിപിഎമ്മിനും ബിജെപിക്കും താക്കീതു നൽകുന്ന സതീശന്റെ മുന്നറിയിപ്പ്. ‘സിപിഎമ്മുകാർ അധികം കളിക്കരുത്. ഞാൻ ഭീഷണിപ്പെടുത്തുകയാണെന്ന് വിചാരിക്കരുത്, ഭീഷണിയല്ലേ എന്ന് ചോദിച്ചാൽ ആണ്. കേരളം ഞെട്ടിപ്പോകുന്ന ഒരു വാർത്ത അധികം വൈകാതെ പുറത്തുവരും.” ഇതായിരുന്നു സതീശൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്. വെറുംവാക്കു പറഞ്ഞ് ഞെളിയുന്ന നേതാവല്ല സതീശനെന്നും അതിനാൽ രാഷ്ട്രീയ താത്പര്യമുള്ളവരുടെ കാത്തിരിപ്പിന് എരിവേറുമെന്നും സൈബറിടത്തിൽ വാഗ്വാദങ്ങൾ ഉയർന്നു. ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ പുറത്തുവിട്ട ഫേസ് ബുക്ക് പോസ്റ്റും ചില സൂചനകൾ നൽകിയിരുന്നു.






