എന്നാലും സന്ദീപ് വാര്യർ സതീശനോട് ചെയ്ത ചെയ്ത്ത് വല്ലാത്തൊരു ചെയ്ത്തായി പോയി. ഇങ്ങനെയൊന്നും ആരും ആരോടും ചെയ്യരുത്. പറഞ്ഞുവരുന്നത് ബോംബിനെ പറ്റിയാണ്. ബോംബെന്നു പറയുമ്പോൾ കണ്ണൂരിലും കേരളത്തിന്റെ അവിടെയും ഇവിടെയും ഒക്കെ പൊട്ടുന്ന ബോംബ് അല്ല. ഇതൊരു വലിയ രാഷ്ട്രീയ ബോംബിന്റെ പ്രഖ്യാപനമായിരുന്നു. നടത്തിയതാകട്ടെ പ്രതിപക്ഷ നേതാവ് സാക്ഷാൽ വി ഡി സതീശനും. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ചില പെൺകുട്ടികളുടെ വെളിപ്പെടുത്തൽ കോൺഗ്രസിനെയും പ്രതിപക്ഷത്തെയും സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക് ആയിരുന്നു എത്തിച്ചത്.
പ്രതിസന്ധികളുടെ ചക്രവ്യൂഹത്തിലേക്ക് പോലും കോൺഗ്രസ് ആഴ്ന്നുപോയി. ഒന്നോ രണ്ടോ പെൺകുട്ടികളുടെ പരാതിയൊന്നും ആയിരുന്നില്ല. തുടർച്ചയായ എത്രയോ എത്രയോ പരാതികൾ രാഹുലിനെതിരെ രംഗത്തുവന്നു. പരാതികളുടെ പ്രളയം തന്നെ പുറം ലോകത്തേക്ക് വന്നതോടെ മറുപടി പറയാൻ കോൺഗ്രസിന് കഴിയാതെ പോയി. ആരോപണങ്ങളുടെ ശരം ആദ്യം തൊടുത്തുവിട്ട പ്രമുഖ നടി വി ഡി സതീശൻ തനിക്ക് പിതാവിനെ പോലെയാണെന്ന് പറഞ്ഞതോടെ പാർട്ടിക്കുള്ളിൽ സതീശൻ സംശയങ്ങളുടെ മുൾമുനയിലേക്ക് വീണുപോയി. അങ്ങനെയുള്ള സതീശന് അതിവേഗത്തിൽ നഷ്ടപ്പെട്ട പ്രതാപം തിരികെ പിടിക്കേണ്ടത് അത്യാവശ്യമായിരുന്നു. അങ്ങനെയാണ് ഒരു വലിയ രാഷ്ട്രീയ പ്രഖ്യാപനം നടത്തുന്ന നിലയിലേക്ക് സതീശൻ മാറിയത്.
ബിജെപിയെയും സിപിഎമ്മിനെയും ബാധിക്കുന്ന ഒരു വലിയ ബോംബ് തന്റെ കൈവശം ഉണ്ടെന്നായിരുന്നു സതീശന്റെ അവകാശവാദം. കോൺഗ്രസിനെ വെട്ടിലാക്കിയ രാഹുൽമാങ്കൂട്ടത്തിൽ വിവാദം ഒരുവിധം കെട്ടടങ്ങുന്നതിനു പിന്നാലെയായിരുന്നു സിപിഎമ്മിനും ബിജെപിക്കും താക്കീതു നൽകുന്ന സതീശന്റെ മുന്നറിയിപ്പ്. ‘സിപിഎമ്മുകാർ അധികം കളിക്കരുത്. ഞാൻ ഭീഷണിപ്പെടുത്തുകയാണെന്ന് വിചാരിക്കരുത്, ഭീഷണിയല്ലേ എന്ന് ചോദിച്ചാൽ ആണ്. കേരളം ഞെട്ടിപ്പോകുന്ന ഒരു വാർത്ത അധികം വൈകാതെ പുറത്തുവരും.” ഇതായിരുന്നു സതീശൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്. വെറുംവാക്കു പറഞ്ഞ് ഞെളിയുന്ന നേതാവല്ല സതീശനെന്നും അതിനാൽ രാഷ്ട്രീയ താത്പര്യമുള്ളവരുടെ കാത്തിരിപ്പിന് എരിവേറുമെന്നും സൈബറിടത്തിൽ വാഗ്വാദങ്ങൾ ഉയർന്നു. ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ പുറത്തുവിട്ട ഫേസ് ബുക്ക് പോസ്റ്റും ചില സൂചനകൾ നൽകിയിരുന്നു.
കോൺഗ്രസ് മാതൃക പിന്തുടർന്ന് രാജീവ് ചന്ദ്രശേഖർ ബിജെപി കോർ കമ്മിറ്റി അംഗത്തിനെതിരെ നടപടി എടുക്കുമോ എന്ന ചോദ്യമായിരുന്നു അദ്ദേഹം ഉന്നയിച്ചത്. അടുത്ത ദിവസങ്ങളിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരെ പേര് അടുത്തുള്ള പീഡന പരാതിയും പുറംലോകത്തേക്ക് വന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനാണ് പാലക്കാട് സ്വദേശിനി പരാതി നല്‍കിയത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് കൃഷ്ണകുമാര്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. പരാതി ലഭിച്ചുവെന്നും നടപടി സ്വീകരിക്കുമെന്നും രാജീവ് ചന്ദ്രശേഖറിന്റെ ഓഫിസ് പരാതിക്കാരിയെ അറിയിച്ചിട്ടുണ്ട്. ബിജെപി ഭാരവാഹിത്വത്തില്‍ തുടരാന്‍ കൃഷ്ണകുമാറിന് യാതൊരു അര്‍ഹതയുമില്ലെന്ന് പരാതിയില്‍ പറയുന്നു. ഏറെ നാളുകളായി മനസ്സില്‍ പേറുന്ന ദുഃഖം താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് കത്തെഴുതുന്നതെന്നും കൃഷ്ണകുമാറിന് എതിരെ നടപടി സ്വീകരിക്കണമെന്നും യുവതി ചൂണ്ടിക്കാട്ടുന്നു.
പിതാവിന്റെ ചികിത്സാര്‍ഥം രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ ആണെന്നും തിരിച്ചെത്തിക്കഴിഞ്ഞു തുടര്‍നടപടി സ്വീകരിക്കുമെന്നുമാണ് ഓഫിസ് മറുപടി നല്‍കിയത്. എന്നാൽ, പീഡന ആരോപണം അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് സി. കൃഷ്ണകുമാർ പറഞ്ഞു. ആരോപണങ്ങൾക്കു പിന്നിൽ പാർട്ടി വിട്ടുപോയ ‘അസുര വിത്താണ്.’ ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കും. തനിക്കെതിരെ നൽകിയ ലൈംഗിക പീഡന പരാതി 2024ൽ കോടതി തള്ളിക്കളഞ്ഞതാണ്. ഭാര്യാപിതാവിന്റെ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടാണ് വ്യാജ പരാതി ഉന്നയിച്ചത്. ‘തേങ്ങ ഉടയ്ക്ക് സ്വാമീ’ എന്നു പറഞ്ഞ് നനഞ്ഞ പടക്കമാണ് പൊട്ടിച്ചത്. കോൺഗ്രസ് അസുരവിത്തിനെ കൊണ്ട് അനുഭവിക്കാൻ ഇരിക്കുകയാണെന്നും കൃഷ്ണകുമാർ പറഞ്ഞു.
വി ഡി സതീശനും സന്ദീപ് വാര്യരും പ്രതീക്ഷിച്ച പിന്തുണയൊന്നും പൊട്ടിച്ച ബോംബിന് എവിടെയും ലഭിച്ചില്ല. മാധ്യമങ്ങളോ മറ്റുള്ളവരോ വിഷയം തിരിഞ്ഞു നോക്കിയത് പോലുമില്ല. ആരോപണം ഉയർന്ന അടുത്ത നിമിഷം തന്നെ കൃഷ്ണകുമാർ മറുപടിയുമായി വരുകയും ചെയ്തു. സിപിഎമ്മോ ഇടതു പാർട്ടികളോ വിഷയം കണ്ടതായി പോലും നടിച്ചില്ല. ഇതോടെ സതീശൻ പൊട്ടിച്ചത് ബോംബ് അല്ലെന്നും മാധ്യമങ്ങൾ അങ്ങനെ മനസ്സിലാക്കിയതിന്റെ പ്രശ്നമാണെന്നും പറഞ്ഞ് തടിയൂരാൻ ശ്രമിച്ചു. ശരിക്കും സതീശനെ പെടുത്തിയത് സന്ദീപ് വാര്യർ തന്നെയാണ്. സന്ദീപിന്റെ അമിത ആത്മവിശ്വാസമാണ് പ്രതിസന്ധിയിലായ സതീശനെ കൂടുതൽ പ്രതിരോധത്തിൽ ആക്കിയത്. സന്ദീപ് വാര്യർ ആളൊരു കൗശലക്കാരനായ രാഷ്ട്രീയ നേതാവാണ്. ബിജെപിയെക്കാൾ സന്ദീപിന് പറ്റിയ മണ്ണ് കോൺഗ്രസ് തന്നെയാണ്. ഇനി സതീശനെ സൈഡാക്കി സന്ദീപ് വളർന്നാലും അതിശയം ഒന്നും തോന്നേണ്ടതില്ല.




