നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിനെ തള്ളിക്കളഞ്ഞ് വിമതനായ പി കെ ശശിയുടെ ദയനീയ അവസ്ഥയാണ് ഇപ്പോള്‍ കേരളത്തിലെ പ്രധാന ചര്‍ച്ച. പി.കെ. ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കോണ്‍ഗ്രസില്‍ പുകയുന്ന അതൃപ്തി ഇപ്പോള്‍ പുറത്തേക്ക് വരുകയാണ്.
ശശി സ്ഥാനാര്‍ഥിയായാല്‍ ബദല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ആലോചനകളുമായി കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയിരിക്കുകയാണ്. കോണ്‍ഗ്രസ് പിന്തുടരുന്ന സ്ത്രീപക്ഷ രാഷ്ട്രീയത്തിന് അനുയോജ്യനല്ലാത്തയാളാണ് പി.കെ. ശശിയെന്ന വാദമാണ് ഈ വിഭാഗം ഉയര്‍ത്തുന്നത്. അങ്ങനെ സംഭവിച്ചാല്‍ പ്രതിഷേധിക്കേണ്ടത് എങ്ങനെയെന്ന ആലോചനകള്‍ നടക്കുന്നതായി ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ. ജയദേവന്‍ പറയുകയുണ്ടായി.
പ്രഗത്്ഭനായ യുവ നേതാവായിട്ടും ആരോപണം വന്നയുടനെ രാഹുല്‍ മാങ്കൂട്ടത്തിലിനെ മാതൃകാപരമായി പുറത്താക്കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതേ കോണ്‍ഗ്രസ് പി.കെ. ശശിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ ജനം സ്വീകരിക്കില്ല എന്നതും എടുത്ത് പറയേണ്ട കാര്യമാണ്. ഒറ്റപ്പാലത്തെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും ആത്മാഭിമാനത്തോടെ വോട്ട് ചെയ്യാന്‍ അവസരമുണ്ടാക്കുമെന്നും ഡിസിസി മുന്‍ അംഗവും മുന്‍ ബ്ലോക്ക് പ്രസിഡന്റും കെഎസ്.യു സംസ്ഥാന കമ്മിറ്റി മുന്‍ അംഗവുമായ ജയദേവന്‍ പറഞ്ഞു.
ആരെ സ്ഥാനാര്‍ഥിയാക്കണമെന്ന് അത്തരം ഒരു സാഹചര്യമുണ്ടായാല്‍ തീരുമാനിക്കും. തങ്ങള്‍ക്കൊപ്പം സമാന മനസ്ഥിതിയുള്ള മറ്റ് കോണ്‍ഗ്രസുകാരുണ്ട്. ഒറ്റപ്പാലത്ത് മത്സരിക്കാന്‍ കെപിസിസി സെക്രട്ടറി പി. ഹരിഗോവിന്ദന്‍ യോഗ്യനാണ്. എന്നാല്‍ അദ്ദേഹം തന്നെ സ്ഥാനാര്‍ഥിയാകണമെന്നല്ല തങ്ങളുടെ പ്രതിഷേധത്തിന്റെ അടിസ്ഥാനമെന്നും ജയദേവന്‍ വ്യകതമാക്കുകയുണ്ടായി.
നേരത്തെ അമ്പലപ്പാറയിലെ മുന്‍ മണ്ഡലം പ്രസിഡന്റും ഒറ്റപ്പാലം നഗരസഭയിലെ മുന്‍ കൗണ്‍സിലറുമായ ഹരിഗോവിന്ദനെ സ്ഥാനാര്‍ഥിയാക്കണമെന്ന വാദമുന്നയിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകളിട്ടിരുന്നു. ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തിലെ അനിശ്ചിതത്വങ്ങളും ഒപ്പം ഒരു വിഭാഗം ശശിയെത്തിയാല്‍ പ്രതിഷേധിക്കാനൊരുങ്ങി നില്‍ക്കുന്നതും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ യുഡിഎഫിനെ പ്രതിസന്ധിയിലാക്കുമെന്ന് തന്നെ പറയാം.
സിപിഎമ്മിനെ തള്ളിപ്പറഞ്ഞു പുറത്തേക്ക് ചാടിയ ശശിക്ക് കിട്ടിയ കനത്ത തിരിച്ചടി തന്നെയാണ് സ്ഥാനാര്‍ഥിത്വത്തിലെ പ്രശ്‌നം എന്ന് തന്നെ പറഞ്ഞു വെക്കേണ്ടി വരും. സിപിഎമ്മില്‍ നിന്ന് പോയി കോണ്‍ഗ്രസിലോ മറ്റ് ഏതെങ്കിലും പാളയത്തിലേക്ക് ചേക്കേറാമെന്ന ശശിയുടെ പ്ലാന്‍ ഇവിടെ തകരുകയാണ്. കാലങ്ങളായി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പ്രവര്‍ത്തിച്ചവര്‍ക്ക് സ്ഥാനം നല്‍കാതെ പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ കേറി വന്ന ശശിയെ പോലെയുള്ളവര്‍ക്ക് ഇടം കൊടുക്കുന്നത് കോണ്‍ഗ്രസിനെ വെട്ടിലാക്കുമെന്നത് തീര്‍ച്ചയാണ്.
അതും ലൈംഗീകാരോപണങ്ങളടക്കം നേരിട്ടിട്ടുള്ള ശശിയെ ജനങ്ങള്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്ന ഒരു വിശ്വാസം കോണ്‍ഗ്രസിന് ഉണ്ടെങ്കില്‍ അത് വെറും വ്യാമോഹം ആണ്. ശശി യുഡിഎഫില്‍ എത്തിയാലും ഒറ്റപ്പാലത്ത് സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കെപിസിസിയെ നേരത്തെ തന്നെ അറിയിച്ചിരുന്നു. ലൈംഗീകാതിക്രമ ആരോപണങ്ങള്‍ നേരിടുന്ന കാലത്ത് ശശിക്കെതിരെ വലിയ രീതിയില്‍ പ്രതിഷേധിച്ചവര്‍ തന്നെ പിന്നീടെങ്ങനെ അതേ ആള്‍ക്ക് വേണ്ടി വോട്ട് ചോദിച്ച് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുമെന്നാണ് ഇവര്‍ ചോദിക്കുന്ന ചോദ്യം. 2021ല്‍ സ്ഥാനാര്‍ത്ഥിത്വം നല്‍കാതെ സിപിഎം പോലും മാറ്റിനിര്‍ത്തിയ ഒരാളെ തങ്ങളുടെ പേരില്‍ രംഗത്തിറക്കുന്നതിലെ അപകടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.
ശശിക്ക് സീറ്റ് കൊടുത്താല്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് പോകുമെന്ന് കോണ്‍ഗ്രസിന് മനസിലായാല്‍ അവിടെയും ശശിക്ക് രക്ഷ ഉണ്ടാവില്ല. എങ്ങനെയെങ്കിലും മത്സരിച്ച് സിപിഎമ്മിനെതിരെ പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെ നില്‍ക്കുന്ന ശശിക്ക് ഇനി ആര് അഭയം നല്‍കുമെന്ന പരിഹാസവും ഉയര്‍ന്നു വരുകയാണ്. കയ്യില്‍ ഇരുന്നത് പോകുകയും ചെയ്തു ഉത്തരത്തില്‍ ഇരുന്നത് ഒട്ടു കിട്ടിയതുമില്ല എന്നതാണ് ശശിയുടെ നിലവിലെ അവസ്ഥ.
തുടക്കം മുതല്‍, തന്നെ പോറ്റി വളര്‍ത്തിയ സിപിഎമ്മിനെ തള്ളിക്കളഞ്ഞു പോയ ശശി ഇനി ഏത് പാര്‍ട്ടിയിലേക്ക് ചേക്കേറുമെന്ന ചോദ്യങ്ങളാണ് ഉയരുന്നത്. കോണ്‍ഗ്രസിലേക്കുള്ള വഴി ഏകദേശം അടഞ്ഞെന്നു തന്നെ പറയാം. എന്നിരുന്നാലും ശശിയെ കോണ്‍ഗ്രസ് ഒറ്റപ്പാലത്ത് മത്സരിപ്പിച്ചാല്‍ അത് കോണ്‍ഗ്സിന് ഉള്ളില്‍ തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാക്കുമെന്ന് വ്യക്തമാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം വിമത നേതാക്കന്മാരെ കണ്ടു കോണ്‍ഗ്രസ് തുള്ളിയാല്‍ അത് അവര്‍ക്ക് തന്നെ തലവേദനയാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഏതായാലും ശശിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ ഇനി എന്താകും കോണ്‍ഗ്രസിന്റെ തീരുമാനം എന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.




