ചെന്നൈ: ഇൻഡ്യ മുന്നണി ഡൽഹിയിലെ രാംലീല മൈതാനിയിൽ സംഘടിപ്പിച്ച റാലിയിൽ പങ്കെടുക്കാത്ത ടിവികെ പാർട്ടി അധ്യക്ഷൻ വിജയ്ക്കും എതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ട് മോഷണത്തിനെതിരെയും സംഘടിപ്പിച്ച റാലിയിൽ നിന്ന് ടിവികെ വിട്ടുനിന്നതാണ് ഡിഎംകെയുടെ വിമർശനത്തിന് കാരണമായത്. വിഷയത്തിൽ ടിവികെ പുലർത്തുന്ന മൗനത്തെ ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എ. രാജ ചോദ്യം ചെയ്തു.
ഫാസിസ്റ്റ് ശക്തികളോടാണ് ടിവികെ കൂറ് പുലർത്തുന്നതെന്ന് എ. രാജ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ ആരോപിച്ചു. വിജയ്യുടെ പാർട്ടിയുമായി കോൺഗ്രസ് പുലർത്തുന്ന സഖ്യത്തെയും അദ്ദേഹം പരിഹസിച്ചു. മഹാത്മാ ഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിന്റെയും പേരുകൾ ഉയർത്തിപ്പിടിച്ച് മതേതരത്വത്തിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് ഇപ്പോൾ ആത്മാഭിമാനം പണയം വെച്ചോയെന്നും എ. രാജ ചോദ്യം ചെയ്തു.
ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈയും ടിവികെയെ വിമർശിച്ച് രംഗത്തെത്തി. ഇൻഡ്യ മുന്നണി സംഘടിപ്പിക്കുന്ന സമരങ്ങളിലും യോഗങ്ങളിലും ടിവികെ പങ്കെടുക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
ടിവികെയും വിജയ്യും തങ്ങൾക്കൊപ്പമാണെന്ന് കോൺഗ്രസ് അവകാശപ്പെടുമ്പോഴും മുന്നണിക്കായി ടിവികെ എന്താണ് ചെയ്തിട്ടുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ഒന്നും ചെയ്തിട്ടില്ലെന്നും ശരവണൻ അണ്ണാദുരൈ ആരോപിച്ചു.
മന്ത്രിസ്ഥാനങ്ങൾ നേടിയെടുക്കുന്നതിനായി ടിവികെയുമായി അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗമായതിലൂടെ കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും പ്രതിച്ഛായയ്ക്ക് മങ്ങലേറ്റുവെന്നും അദ്ദേഹം വിമർശിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നും പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഡൽഹിയിലെ രാംലീല മൈതാനിയിൽ ഇൻഡ്യ മുന്നണി റാലി സംഘടിപ്പിച്ചത്.
ഡിഎംകെയ്ക്ക് പുറമെ കോൺഗ്രസ്, സിപിഐഎം, സിപിഐ, തൃണമൂൽ കോൺഗ്രസ്, സമാജ്വാദി പാർട്ടി, സിപിഐഎംഎൽ, ആർജെഡി, നാഷണൽ കോൺഫറൻസ്, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി, എൻസിപി (ശരദ് പവാർ) തുടങ്ങിയ പ്രതിപക്ഷ കക്ഷികളും റാലിയിൽ പങ്കെടുത്തു.
റാലിയിൽ നിന്ന് ടിവികെ വിട്ടുനിന്നതോടെ കോൺഗ്രസും വിജയ്യുടെ പാർട്ടിയും തമ്മിലുള്ള രാഷ്ട്രീയ ബന്ധവും ഡിഎംകെ വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ്.




