ന്യൂഡൽഹി: എസ്ഐആർ കേസിൽ സുപ്രധാന നിരീക്ഷണങ്ങളുമായി സുപ്രീംകോടതി. ഫോം 6, 7, 8 എന്നിവയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താനാകില്ലെന്ന് കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന് അധിക വ്യവസ്ഥകൾ ഉൾപ്പെടുത്താമെങ്കിലും നിലവിലുള്ള ചട്ടങ്ങൾ മറികടക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. 2003ലെ വോട്ടർപട്ടികയിൽ പേരുള്ളവരെ രേഖകളിലെ പൊരുത്തക്കേടുകളുടെ പേരിൽ ഒഴിവാക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. എന്യൂമറേഷൻ ഫോം നൽകാത്തതിന്റെ പേരിൽ ഒരാളുടെ വോട്ടവകാശം എന്നെന്നേക്കുമായി നിഷേധിക്കാനാകുമോയെന്നും കോടതി ആരാഞ്ഞു.
എസ്ഐആർ നടപടികൾക്കിടെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. രേഖകളിലെ പൊരുത്തക്കേടുകളുടെ പേരിൽ വോട്ടർമാരെ ഒഴിവാക്കുന്നതിന് അന്തിമ അനുമതി നൽകിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. പശ്ചിമബംഗാളിൽ പരിശോധന അനുവദിച്ചത് ഇടക്കാല ക്രമീകരണത്തിന്റെ ഭാഗമായാണ്. ബിഹാർ കേസിലെ വിധിയിൽ ഇക്കാര്യത്തിന്റെ നിയമസാധുത പരിഗണിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പേര്, പ്രായം, വിലാസം തുടങ്ങിയവയിലെ വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി വോട്ടർമാരെ ഒഴിവാക്കുന്നതിലാണ് കോടതിയുടെ ഇടപെടൽ. താമസമില്ലാത്തവരെന്ന് കണ്ടെത്തി പട്ടികയിൽനിന്ന് ഒഴിവാക്കിയ 43 ലക്ഷം പേർ എവിടെയാണെന്നും കോടതി ചോദിച്ചു. വിലാസം മാറിയതിന്റെ പേരിൽ ആരെയും വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കരുത്. ഈ 43 ലക്ഷം പേരെ കണ്ടെത്താൻ ശ്രമിക്കണമെന്നും കോടതി നിർദേശിച്ചു.
എസ്ഐആർ നടപടികൾ പുരോഗമിക്കുന്നതിനിടെ ഇവർക്ക് എന്യൂമറേഷൻ ഫോം ഉപയോഗിക്കാനുള്ള അവസരം ലഭിക്കണമെന്നും കോടതി വ്യക്തമാക്കി. അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷമാണ് ഫോം 6-ന്റെ പ്രസക്തിയെന്നും നിരീക്ഷിച്ചു. താമസം മാറിയവരെക്കൊണ്ട് ഇപ്പോൾ ഫോം 6 പൂരിപ്പിക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. കരട് പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരിൽ അധികം പേരും പരാതിയുമായി മുന്നോട്ടുവരുന്നില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. ഇക്കാര്യത്തിൽ നടപടികൾ പൂർത്തിയാക്കാൻ കമ്മീഷന് സുപ്രീംകോടതി രണ്ടാഴ്ച കൂടി സമയം അനുവദിച്ചു. അന്തിമ വോട്ടർപട്ടിക തയ്യാറാക്കരുതെന്നും കോടതി നിർദേശിച്ചു.




