ബെയ്ജിംഗ്: വ്യാപാരയുദ്ധവും താരിഫ് തർക്കവും ശക്തമായ സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്. ഇന്ത്യൻ സമയം രാവിലെ ഏഴരയോടെയാണ് ചർച്ച നടക്കുക. ദക്ഷിണ കൊറിയയിലെ ബുസാനിൽ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന കൂടിക്കാഴ്ച, ട്രംപ് വീണ്ടും അധികാരത്തിൽ എത്തിയതിന് ശേഷമുള്ള ഇരുരാജ്യ നേതാക്കളുടെ ആദ്യ നേരിട്ടുള്ള സംവാദമായിരിക്കും.
യുഎസ്-ചൈന വ്യാപാരക്കരാറിൽ അന്തിമ ധാരണയാകുമോ എന്നതാണ് ആഗോള വിപണികൾ ഉറ്റുനോക്കുന്ന പ്രധാന ചോദ്യമായി നിൽക്കുന്നത്. ഉച്ചകോടിക്ക് തൊട്ടുമുമ്പ് ചൈന അമേരിക്കയിൽ നിന്നുള്ള സൊയാബീൻ ഇറക്കുമതി പുനരാരംഭിക്കാൻ തയ്യാറായതിനെ വ്യാപാരബന്ധങ്ങളിൽ മഞ്ഞുരുകലിന്റെ സൂചനയായി വിദഗ്ധർ കാണുന്നു. എന്നാൽ അപൂർവ്വ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണത്തിൽ ചൈന ഇളവ് വരുത്തുമോ, അതേപോലെ ചിപ്പ് കയറ്റുമതി നിയന്ത്രണത്തിൽ അമേരിക്കയുടെ നിലപാട് മാറ്റമുണ്ടാകുമോ എന്നതിൽ ആകാംഷ തുടരുകയാണ്. ടിക്ടോക്ക് വിഷയത്തിലും ഇരുരാജ്യങ്ങൾ തമ്മിൽ ധാരണയിലേക്കെത്താനുള്ള സാധ്യത ട്രംപ് സൂചന നൽകിയിട്ടുണ്ട്.




