തിരുവനന്തപുരം: കേരളത്തില്‍ വേനല്‍ച്ചൂട് അതിരൂക്ഷമാകുന്നു. അള്‍ട്രാവയലറ്റ് (UV) വികിരണത്തിന്റെ തോത് ക്രമാതീതമായി ഉയര്‍ന്നതായി റിപ്പോര്‍ട്ട്. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ എട്ട് സ്റ്റേഷനുകളില്‍ ഓറഞ്ച് അലര്‍ട്ടും അഞ്ച് സ്റ്റേഷനുകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.
ഓറഞ്ച് അലര്‍ട്ട്: കൊട്ടാരക്കര (കൊല്ലം), കോന്നി (പത്തനംതിട്ട), ചെങ്ങന്നൂര്‍ (ആലപ്പുഴ), ചങ്ങനാശ്ശേരി (കോട്ടയം), മൂന്നാര്‍ (ഇടുക്കി), തൃത്താല (പാലക്കാട്), പൊന്നാനി (മലപ്പുറം), ഒല്ലൂര്‍ (തൃശൂര്‍)
യെല്ലോ അലര്‍ട്ട്: കളമശ്ശേരി (എറണാകുളം), ബേപ്പൂര്‍ (കോഴിക്കോട്), മാനന്തവാടി (വയനവാട്), ധര്‍മ്മടം (കണ്ണൂര്‍), ഉദുമ ( കാസര്‍ഗോഡ്)
തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.
പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മല്‍സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.
പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യാത്രകളിലും മറ്റും ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രമിക്കുക.






