തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി മതരാജ്യവാദം ഉപേക്ഷിച്ചുവെന്ന യുഡിഎഫ് നേതാക്കളുടെ വാദം പൊളിയുന്നു. ഇസ്ലാമിക റിപ്പബ്ലിക്കിനെ തള്ളിപ്പറയരുതെന്ന് ജമാഅത്തെ ഇസ്ലാമിയുടെ മുതിർന്ന നേതാവും സൈദ്ധാന്തികനുമായ ശൈഖ് മുഹമ്മദ് കാരക്കുന്ന് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ആദ്യം ജമാഅത്ത് മൗദൂദി ആശയങ്ങൾ ഉപേക്ഷിച്ചുവെന്ന് പരാമർശിച്ചത്. തുടർന്ന് മുസ്ലിം ലീഗിലെയും കോൺഗ്രസിലെയും നേതാക്കൾ ഇതേ നിലപാട് ആവർത്തിച്ചു. എന്നാൽ മതരാജ്യവാദം ഉപേക്ഷിച്ചുവെന്ന നിലപാട് ജമാഅത്തെ ഇസ്ലാമി നേതാക്കളാരും ഔദ്യോഗികമായി പറഞ്ഞിരുന്നില്ല. അങ്ങനെ പറയരുതെന്നാണ് ശൈഖ് മുഹമ്മദ് കാരക്കുന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നത്.
മുഹമ്മദ് നബിയാണ് ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപിച്ചതെന്നും മദീനയായിരുന്നു അതിന്റെ ആസ്ഥാനമെന്നും കാരക്കുന്ന് കുറിപ്പിൽ പറയുന്നു. ന്യൂനപക്ഷമായിരുന്നിട്ടും ഒരു തുള്ളി ചോര ചിന്താതെ ഇസ്ലാമിക റിപ്പബ്ലിക് സ്ഥാപിക്കാൻ സാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സത്യവിശ്വാസികൾ ഒരിക്കലും ഇസ്ലാമിക് റിപ്പബ്ലിക്കിനെ തള്ളിപ്പറയില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.ജമാഅത്തെ ഇസ്ലാമിയുടെ മുതിർന്ന നേതാവും ശൂറ അംഗവുമായിരുന്നു ശൈഖ് മുഹമ്മദ് കാരക്കുന്ന്. ദീർഘകാലം ജമാഅത്തിന്റെ പ്രസാധന സംരംഭമായ ഐ.പി.എച്ചിന്റെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ബൈത്തുൽ സക്കാത്ത് കേരളയുടെ ചെയർമാനുമാണ് അദ്ദേഹം






