ബാങ്കിങ് മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് & സെയിൽസ്) തസ്തികയിലെ 9,766 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതിൽ 7,680 റഗുലർ ഒഴിവുകളും 2,086 ബാക്ക്ലോഗ് ഒഴിവുകളുമാണുള്ളത്. ആഗസ്റ്റ് 11 മുതൽ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31 ആണ്. ഉദ്യോഗാർഥികൾക്ക് sbi.bank.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
2026 ഏപ്രിൽ 1 അടിസ്ഥാനമാക്കി കുറഞ്ഞ പ്രായപരിധി 20 വയസും പരമാവധി പ്രായപരിധി 28 വയസുമാണ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കും. ഒബിസി വിഭാഗത്തിന് മൂന്ന് വർഷവും എസ്സി/എസ്ടി വിഭാഗത്തിന് അഞ്ച് വർഷവും പ്രായപരിധിയിൽ ഇളവുണ്ട്. ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും സർക്കാർ ചട്ടപ്രകാരമുള്ള ഇളവുകൾ ബാധകമാണ്.
അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ/സെമസ്റ്റർ വിദ്യാർഥികൾക്കും അപേക്ഷിക്കാം; എന്നാൽ 2026 ഡിസംബർ 31-നകം ബിരുദം നേടിയിരിക്കണം. നിലവിൽ എസ്ബിഐയിൽ ക്ലർക്കായി ജോലി ചെയ്യുന്നവർക്കും, മുമ്പ് ജോലിയിൽ നിന്ന് രാജിവെച്ചവർക്കും അപേക്ഷിക്കാൻ അർഹതയില്ല. മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തിൽ പ്രിലിമിനറി പരീക്ഷയുണ്ടാകും. പ്രിലിമിനറിയിൽ യോഗ്യത നേടുന്നവർക്ക് മെയിൻ പരീക്ഷ എഴുതാം. അതിനുശേഷം പ്രാദേശിക ഭാഷാ പരീക്ഷയ്ക്ക് ഹാജരാകണം.
ബിരുദധാരികൾക്കുള്ള രണ്ട് അഡ്വാൻസ് ഇൻക്രിമെന്റുകൾ ഉൾപ്പെടെ തുടക്കത്തിൽ അടിസ്ഥാന ശമ്പളമായി 26,730 രൂപ ലഭിക്കും. വിവിധ അലവൻസുകൾ ഉൾപ്പെടെ ആകെ ശമ്പളം ഏകദേശം 45,888 രൂപയായിരിക്കും.




