കോട്ടയം: മദ്യവും മാരക ലഹരിമരുന്നുകളും യുവതലമുറയെ ഗുരുതരമായി ബാധിക്കുന്നുവെന്നും ഇത് വരും തലമുറയ്ക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു. കെസിബിസി ടെമ്പറൻസ് കമ്മീഷൻ കോട്ടയം റീജന്റെയും (കോട്ടയം, ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി, വിജയപുരം രൂപതകൾ) കിടങ്ങൂർ ലിറ്റിൽ ലൂർദ് നഴ്സിംഗ് കോളജിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആതുരശുശ്രൂഷാ മേഖലയിലെ ലഹരിവിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റീജണൽ ഡയറക്ടർ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെസിബിസി ടെമ്പറൻസ് കമ്മീഷൻ സംസ്ഥാന സെക്രട്ടറിയും റിസോഴ്സ് പേഴ്സണുമായ പ്രസാദ് കുരുവിള ലഹരിവിരുദ്ധ ക്ലാസ് നയിച്ചു. ലിറ്റിൽ ലൂർദ് ഹോസ്പിറ്റൽ ഡയറക്ടർ സിസ്റ്റർ സുനിത എസ്.വി.എം, പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ജോസീന എസ്.വി.എം, ജിഷ ജോസ്, സാബു ഏബ്രഹാം, ആന്റണി മാത്യു, ബേബിച്ചൻ പുത്തൻപറമ്പിൽ എന്നിവർ പ്രസംഗിച്ചു. തോമസുകുട്ടി മണക്കുന്നേൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.




