മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ കാറിൽ നിന്നാണ് ഒരു ഗ്രാം എംഡിഎംഎ പിടികൂടിയത്. എക്സൈസ് സംഘം എത്തുന്നത് കണ്ടതോടെ വിദ്യാർഥികൾ കാറിൽ നിന്ന് ഇറങ്ങി ഓടി. സംഭവത്തിൽ കണ്ടാൽ തിരിച്ചറിയാവുന്ന മൂന്ന് പേരെ പ്രതികളാക്കി എക്സൈസ് അന്വേഷണം ആരംഭിച്ചു.
അതേസമയം, സംസ്ഥാനത്ത് ലഹരിക്കെതിരെ നടക്കുന്ന ഓപ്പറേഷൻ തൂഫാൻ പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 74 പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 10,015 ആയി. ഇതുവരെ 9,280 കേസുകളാണ് രജിസ്റ്റർ ചെയ്തത്. പരിശോധനകളിൽ 8,289.409 ഗ്രാം എംഡിഎംഎയും 1,004.784 കിലോ കഞ്ചാവും 2,382 കഞ്ചാവ് ചെടികളും പിടിച്ചെടുത്തിട്ടുണ്ട്.
ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് കോഴിക്കോട് സിറ്റിയിലാണ്. ഇവിടെ 929 കേസുകളാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ ഏറ്റവും കൂടുതൽ അറസ്റ്റ് നടന്നത് മലപ്പുറത്താണ്. 999 പേരാണ് മലപ്പുറത്ത് അറസ്റ്റിലായത്. 875 കേസുകളുമായി മലപ്പുറം ജില്ലയാണ് കേസുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത്.




