തിരുവനന്തപുരം: കേരള സർവകലാശാല എൽഎൽ.ബി. പരീക്ഷയുടെ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ചയുണ്ടായതായി സൂചന. തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ പരീക്ഷയിൽ പരാജയപ്പെട്ട 45 വിദ്യാർഥികൾ പുനർമൂല്യനിർണയത്തിൽ വിജയിച്ചതോടെയാണ് വീഴ്ച പുറത്തായത്.
പുനർമൂല്യനിർണയത്തിൽ വിജയിച്ച വിദ്യാർഥികളുടെ മാർക്ക് വിവരങ്ങൾ ഹാജരാക്കാൻ വൈസ് ചാൻസലർ നിർദേശിച്ചതോടെയാണ് മാർക്കിലുണ്ടായ വ്യാപക വ്യത്യാസം കണ്ടെത്തിയത്. മൂല്യനിർണയം നടത്തിയ അധ്യാപകർക്കെതിരെ നടപടിയാവശ്യപ്പെട്ട് വിദ്യാർഥി സംഘടനകൾ സമരം നടത്തിയതിന് പിന്നാലെയായിരുന്നു വി.സി.യുടെ ഇടപെടൽ.
പുനർമൂല്യനിർണയം നടത്തിയ മുഴുവൻ ഉത്തരക്കടലാസുകളും അടിയന്തരമായി സീൽ ചെയ്ത് പരീക്ഷാ കൺട്രോളറുടെ കസ്റ്റഡിയിൽ സൂക്ഷിക്കാനും വി.സി. നിർദേശം നൽകി. പുനർമൂല്യനിർണയത്തിൽ ലഭിച്ച മാർക്ക് വിദഗ്ധ സമിതിയെക്കൊണ്ട് വീണ്ടും പരിശോധിപ്പിച്ചേക്കുമെന്നാണ് വിവരം. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീഴ്ച വരുത്തിയ അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കും.
വിവിധ സെമസ്റ്ററുകളിലായി പുനർമൂല്യനിർണയത്തിന് അപേക്ഷിച്ച 292 വിദ്യാർഥികളിൽ 231 പേർക്കും മാർക്ക് വർധിച്ചതായാണ് പരീക്ഷാ കൺട്രോളർ വി.സി.ക്ക് നൽകിയ റിപ്പോർട്ട്. അഞ്ചാം സെമസ്റ്റർ പരീക്ഷയിൽ പുനർമൂല്യനിർണയത്തിന് അപേക്ഷിച്ച 44 വിദ്യാർഥികൾക്കും മാർക്കിൽ മാറ്റമുണ്ടായി. അപേക്ഷിച്ച മുഴുവൻ വിദ്യാർഥികളുടെയും മാർക്കിൽ വ്യത്യാസം കണ്ടെത്തിയത് ആദ്യ മൂല്യനിർണയത്തിലെ ഗുരുതര വീഴ്ചയായാണ് വിലയിരുത്തുന്നത്.
പുനർമൂല്യനിർണയത്തിൽ 10 മുതൽ 50 ശതമാനം വരെ മാർക്ക് വ്യത്യാസമാണ് കണ്ടെത്തിയത്. സർവകലാശാലാ ചട്ടപ്രകാരം 20 ശതമാനത്തിലധികം മാർക്ക് വ്യത്യാസമുണ്ടായാൽ ആദ്യ മൂല്യനിർണയം നടത്തിയ അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കേണ്ടതുണ്ട്.
എൽഎൽ.ബി. പരീക്ഷാ നടത്തിപ്പിൽ സുതാര്യത ഉറപ്പാക്കുന്നതിനായി ചോദ്യക്കടലാസ് വിതരണവും മൂല്യനിർണയവും പൂർണമായും ഓൺലൈനാക്കാനും തീരുമാനിച്ചിട്ടുണ്ട്. പി.ജി., എം.ബി.ബി.എസ്. പരീക്ഷകൾക്ക് സമാനമായി എൽഎൽ.ബി.ക്കും ഇരട്ടമൂല്യനിർണയം നടപ്പാക്കാനും വിദ്യാർഥികൾക്ക് ഉത്തരക്കടലാസ് പരിശോധിക്കാൻ അവസരം നൽകാനും സിൻഡിക്കേറ്റ് തീരുമാനിച്ചു.




