ആലപ്പുഴ: മെഡിക്കല്‍ സ്റ്റോറിലേക്കെന്ന വ്യാജേന കൂറിയര്‍ സര്‍വീസ് വഴി ലഹരിമരുന്നു കടത്തിയ കേസിലെ പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവും ലക്ഷം രൂപയും പിഴയും. കൊല്ലം വടക്കേവിള തണ്ടാശ്ശേരി വയലില്‍ അമീര്‍ഷാന്‍ (26), മുള്ളുവിള നഗര്‍ ദീപം വീട്ടില്‍ ശിവന്‍ (32) എന്നിവരെയാണ് ആലപ്പുഴ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി-രണ്ട് ശിക്ഷിച്ചത്.
2023 സെപ്റ്റംബര്‍ 23-നാണ് കേസിനാസ്പദമായ സംഭവം. മെഡിക്കല്‍ സ്റ്റോറിലേക്കാണെന്നു പറഞ്ഞ് ഹൈദരാബാദിലെ മരുന്നുനിര്‍മാണ കമ്പനിക്ക് ഓണ്‍ലൈന്‍വഴി ഓര്‍ഡര്‍ നല്‍കി ലഭിക്കുന്ന മാരക ലഹരിമരുന്ന് കൈപ്പറ്റിയായിരുന്നു ഇവരുടെ തട്ടിപ്പ്. ഇതിനായി ഒരു മെഡിക്കല്‍ സ്റ്റോറിന്റെ രേഖകളും ഇവർ ദുരുപയോഗം ചെയ്തു. 1000 എംഎല്‍ ഡയസെപാമാണ് വരുത്തിയത്.
ആലപ്പുഴ മെഡിക്കല്‍ സ്റ്റോറിന്റെ ലൈസന്‍സ് നമ്പര്‍ സംഘടിപ്പിച്ച് ഡയസെപാം ആവശ്യപ്പെട്ട് ഹൈദരാബാദിലെ കമ്പനിയിലേക്ക് ഇ-മെയില്‍ അയച്ചു. ബന്ധപ്പെടാനായി പ്രതികളുടെ നമ്പരാണ് കൊടുത്തത്. എന്നാല്‍, കൂറിയര്‍ കമ്പനി ആ നമ്പരില്‍ വിളിക്കാതെ മരുന്ന് മെഡിക്കല്‍ സ്റ്റോറിലേക്ക് നേരിട്ടെത്തിച്ചു. സംശയംതോന്നിയ മെഡിക്കല്‍ സ്റ്റോറുകാര്‍ വിവരം നേരിട്ട് എക്‌സൈസിനെ അറിയിച്ചതോടെയാണ് പ്രതികള്‍ കുടുങ്ങിയത്.
ആലപ്പുഴ എക്‌സൈസ് എന്‍ഫോഴ്‌സ്മെന്റ് ആന്‍ഡ് നര്‍കോട്ടിക് സ്‌പെഷ്യല്‍ സിഐയായിരുന്ന എം. മഹേഷാണ് മയക്കുമരുന്നു പിടികൂടി കേസന്വേഷിച്ചത്. കേസിന്റെ വിചാരണവേളയില്‍ ആലപ്പുഴ അസി. എക്‌സൈസ് കമ്മിഷണറായിരുന്ന എം. നൗഷാദാണ് വിശദമായ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ എസ്. അശോക്കുമാര്‍, അസിസ്റ്റന്റ് കമ്മിഷണര്‍ എ.പി. ഷാജഹാന്‍ എന്നിവരറിയിച്ചു.




