ഹരിപ്പാട്: പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഡിവെെഎഫ്ഐ നേതാവ് അറസ്റ്റിൽ. വൈക്കം ടിവി പുരം ചെമ്മനത്തുകര നെടിയത്ത് വീട്ടിൽ എൻ.എ.അരുണാണ് (35) അറസ്റ്റിലായത്. ഇയാൾ ഡിവൈഎഫ്ഐ വൈക്കം ടിവി പുരം നോർത്ത് മേഖലാ കമ്മിറ്റി അംഗമാണ്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഉൾപ്പെടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രൊഫൈൽ നിർമിച്ച് പ്രചരിപ്പിക്കുന്ന സംഘത്തിലെ അംഗമാണ് അരുൺ. ഹരിപ്പാട് സ്വദേശികളായ 8 പേർ നൽകിയ പരാതിയിലാണ് അറസ്റ്റ്.
വീട്ടമ്മമാരുടെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെയും ചിത്രങ്ങൾ ഫെയ്സ്ബുക്ക് അക്കൗണ്ടിൽനിന്ന് പകർത്തി മോർഫ് ചെയ്ത് നഗ്നഫോട്ടോയാക്കി പ്രചരിപ്പിക്കുന്നു വെന്നാണ് പരാതി. 10 മുതൽ 15 പേർ വരെയുള്ള ഫെയ്സ് ബുക്ക് ഗ്രൂപ്പുണ്ടാക്കിയാണ് ഇതു പ്രചരിപ്പിച്ചത്. അരുൺ 2020 മുതൽ നഗ്നഫോട്ടോകൾ പ്രചരിപ്പിച്ചതായി പൊലീസ് കണ്ടെത്തി.
പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ, ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിച്ച വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് അരുൺ ആണെന്ന് കണ്ടെത്തി. തുടർന്ന് ഇയാളെ വീട് വളഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.






