തിരുവനന്തപുരം: ഇ-പോസ് മെഷീൻ തകരാറിലായതിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു. രാവിലെ മുതൽ റേഷൻ നൽകാനാകുന്നില്ലെന്നാണ് വ്യാപാരികൾ അറിയിച്ചത്. സർവർ ഡൗൺ ആയതാണ് മെഷീൻ പ്രവർത്തനം നിലച്ചതിനു കാരണമെന്നാണ് ഭക്ഷ്യവകുപ്പിന്റെ വിശദീകരണം. പ്രശ്നം പരിഹരിക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും വകുപ്പ് അറിയിച്ചു.
ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ എന്നതാണ് ഇ-പോസിന്റെ പൂർണരൂപം. ഉപഭോക്താക്കളുടെ ആധാർ വിവരങ്ങൾ ബന്ധിപ്പിച്ച മെഷീനിലൂടെ വിരലടയാളം സ്ഥിരീകരിച്ച ശേഷമാണ് റേഷൻ വിതരണം നടക്കുന്നത്. ഇതുവഴി ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അർഹമായ വിഹിതം നൽകുകയും പ്രിന്റ് രസീതും മൊബൈൽ സന്ദേശവും ലഭ്യമാക്കുകയും ചെയ്യും.






