അങ്കാറ: പടിഞ്ഞാറന്‍ തുര്‍ക്കിയിലെ സിന്ദിര്‍ഗിയില്‍ ഞായറാഴ്ച 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി തുര്‍ക്കി ദുരന്ത നിവാരണ ഏജന്‍സി (AFAD) അറിയിച്ചു. ഇസ്താംബൂളും വിനോദസഞ്ചാര കേന്ദ്രമായ ഇസ്മിറും ഉള്‍പ്പെടെ രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള നിരവധി നഗരങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായി ആളുകള്‍ പറഞ്ഞു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നെങ്കിലും മരണങ്ങളോ അപകടങ്ങളോ ഉണ്ടായിട്ടുണ്ടോ എന്ന് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, ഭൂകമ്പത്തെത്തുടര്‍ന്ന് ബാലികേസിര്‍ പ്രവിശ്യയില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായി തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
രാത്രി 7:53 നാണ് ഭൂകമ്പം ഉണ്ടായത്, കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം 4.6 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ദുരന്ത നിവാരണ ഉദ്യോഗസ്ഥരും പൊലീസും ഉടന്‍ തന്നെ സ്ഥലത്ത് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അലി യെര്‍ലികായ പറഞ്ഞു. ജൂലൈ ആദ്യം ഇതേ മേഖലയില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഒരാള്‍ മരിക്കുകയും 69 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.






