അറബിക്കടലിൽ വാൻ ഹായി കപ്പലിലുണ്ടായ തീ അണയ്ക്കാനുള്ള ശ്രമം തുടർന്ന് ഇന്ത്യൻ നാവിക സേനയും തീര സംരക്ഷണ സേനയും. പുക രൂക്ഷമാണെന്ന് കോസ്റ്റ്ഗാർഡ് അറിയിച്ചു. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. കപ്പലിലെ കൂടുതൽ കണ്ടെയ്നറുകൾ പൊട്ടിത്തെറിയോടെ കടലിലേയ്ക്ക് വീഴുന്നുണ്ട്. കണ്ടെയ്നറുകളിലെ ചരക്കുകളിലേക്കും തീപടരാൻ തുടങ്ങി. അതേ സമയം പൊള്ളലേറ്റ രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു.
കോഴിക്കോട് ബേപ്പൂരിനു 44 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ അപകടത്തിൽപ്പെട്ടത്. കടലിലേക്ക് വീഴുന്ന ഈ കണ്ടെയ്നറുകൾ ഒഴുകി എത്താൻ സാധ്യത കൂടുതൽ വടകര മുതൽ ചെട്ടിപ്പടി വരെയെന്നാണ് നിഗമനം. അഞ്ചു ദിവസം വരെ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ഇന്ത്യൻ നാഷണൽ സെൻട്രൽ ഓഷ്യൻ ഇൻഫർമേഷൻ സർവീസസിൻ്റെ കണക്കുകൂട്ടൽ. എന്നാൽ ഈ മാസം 16ന് ശേഷം കൂട്ടത്തോടെ കണ്ടെയ്നറുകൾ തീരത്ത് അടിയാൻ സാധ്യത ഉണ്ടെന്നും ഇൻകോയിസ് വിലയിരുത്തുന്നു.






