കല്‍പ്പറ്റ: പറമ്പില്‍ കോഴി കയറിയതിന് വൃദ്ധദമ്പതികളെ ആക്രമിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന അയല്‍വാസി പിടിയില്‍. കമ്പളക്കാട് സ്വദേശി ടി കെ തോമസാണ് പിടിയിലായത്. 24-ാം തീയതിയാണ് ലാൻസി തോമസ്- അമ്മിണി ദമ്പതികളുടെ വീട്ടില്‍ അതിക്രമിച്ചു കയറി ടി കെ തോമസ് അക്രമം നടത്തിയത്. ഇരുവരുടെയും കൈയുടെ എല്ലും പൊട്ടി ഗുരുതരമായി പരിക്കേറ്റിരുന്നു.
ആദ്യം ലാൻസിയെ ആണ് ആക്രമിച്ചത്. അടി കൈകൊണ്ട് തടഞ്ഞപ്പോഴാണ് കൈയൊടിഞ്ഞത്. അമ്മിണിയെ ആക്രമിക്കുന്നത് തടഞ്ഞപ്പോള്‍ ലാൻസിയുടെ രണ്ടാമത്തെ കൈയും ഒടിഞ്ഞു. അമ്മിണിയുടെ തലയ്ക്കും കൈയ്ക്കും കാലിനും പരിക്കറ്റിട്ടുണ്ട്. ഇരുവരും ചികിത്സയില്‍ തുടരുകയാണ്.
ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ എം എ സന്തോഷിന്‍റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ ജിഷ്ണു, റോയ്, അസി സബ് ഇന്‍സ്പെക്ടര്‍മാരായ ഇബ്രാഹിം, ദീപ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശിഹാബ്, സിറാജ്, നിഷാദ്, കൃഷ്ണദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.










