മലപ്പുറം: പെരിന്തൽമണ്ണയിൽ വൃദ്ധനെ ക്രൂരമായി മർദിച്ച കേസിൽ പ്രതി പിടിയിൽ. 35 വയസ്സുകാരനായ ഷഹീർ ബാവയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ താഴേക്കോട്ടിൽ നിന്ന് കരിങ്കല്ലത്താണിയിലേക്ക് പോയ ബസിനുള്ളിലാണ് സംഭവം നടന്നത്.
ബസിൽ യാത്രയ്ക്കിടെ ഹംസയുടെ കാലിൽ ഷഹീർ ചവിട്ടിയതിനെ തുടർന്ന് വൃദ്ധൻ മാറിനിൽക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, ഇതിൽ പ്രകോപിതനായ ഷഹീർ ആദ്യം വാക്കേറ്റത്തിലും പിന്നാലെ ക്രൂരമായി മർദിക്കുകയും ചെയ്തു. അക്രമത്തിൽ ഹംസയുടെ മൂക്കിന്റെ പാലം തകർന്നതായി പൊലീസ് അറിയിച്ചു.
സംഭവത്തിന് ശേഷം ഷഹീർ രക്ഷപ്പെട്ടത് ഭാര്യയുടെ സ്വദേശമായ കമ്പത്തിലെ വീട്ടിലേക്കാണ്. തുടർന്ന് കമ്പത്ത് പൊലീസ് സംഘം എത്തി പ്രതിയെ പിടികൂടുകയായിരുന്നു. നിലവിൽ ഹംസ ചികിത്സയിലാണെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.




