സുൽത്താൻ ബത്തേരി: വയനാട്ടിൽ വയോധികനെ വീടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. എരിയപ്പള്ളി ഗാന്ധി നഗർ ഉന്നതിയിലെ മുരാശ വള്ളിയാണ് മരിച്ചത്. ഗാന്ധി നഗർ ഉന്നതിയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു അദ്ദേഹം.
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് അയൽവാസികൾ വീടിനുള്ളിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുവർഷം മുമ്പ് ഭാര്യ ജയമ്മ മരിച്ചതിനെ തുടർന്ന് മുരാശ വള്ളി ഒറ്റയ്ക്കായിരുന്നു താമസം.
വിവരം ലഭിച്ചതിനെ തുടർന്ന് പുൽപ്പള്ളി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സുൽത്താൻ ബത്തേരി താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിലേക്ക് മാറ്റി.
ദീർഘകാലമായി കേരളത്തിൽ താമസിച്ചിരുന്നെങ്കിലും അദ്ദേഹം മലയാളി അല്ലെന്ന വിവരങ്ങളുണ്ട്. ബന്ധുക്കളെ കണ്ടെത്തി വിവരം അറിയിക്കുന്നതിനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.




