കണ്ണൂര്‍: പേരക്കുട്ടിയുടെ മര്‍ദനമേറ്റ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പയ്യന്നൂര്‍ കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തിന് സമീപം മണിയറ വീട്ടില്‍ കാര്‍ത്ത്യായനി അമ്മ (88) യാണ് മരിച്ചത്. മേയ് 11ന് ഉച്ചക്കാണ് കാര്‍ത്ത്യായനി അമ്മയുടെ മകള്‍ ലീലയുടെ മകന് റിജു ഇവരെ അക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്.
സ്വത്ത് വീതംവെച്ചപ്പോള്‍ കാര്‍ത്ത്യായനിയുടെ സംരക്ഷണ ചുമതല മകള്‍ ലീല ഏറ്റടുത്തിരുന്നു . അതിനാല്‍ കാര്‍ത്ത്യായനി അമ്മയുടെ പേരിലുണ്ടായിരുന്ന വീടും ലീലയ്ക്ക് എഴുതി നല്കി. പിന്നീട് അവര്‍ ആ വീട് വാടകയ്ക്ക് നല്കി. ലീലയും മക്കളും താമസിക്കുന്ന കണ്ടങ്കാളിയിലെ വീട്ടിലേക്ക് വയോധികയെ കൂട്ടുകയും പരിചരിക്കാനായി ഹോം നഴ്സിനെ ഏര്‍പ്പാടാക്കുകയും ചെയ്തിരുന്നു.
എന്നാല്‍, റിജുവിന്റെ ഭാര്യ പ്രസവിച്ച ശേഷം ഇരട്ട കുട്ടികളുമായി ഇവര്‍ വീട്ടിലെത്തിയതോടെ ഇവരെ ഒന്നിച്ച് താമസിപ്പിക്കുന്നതിലുള്ള വിരോധത്തിന്റെ പേരില്‍ റിജു അക്രമിച്ചുവെന്നാണ് കേസ്. പരിക്കേറ്റ കാര്ത്ത്യാനിഅമ്മയെ പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആദ്യം തീവ്ര പരിചരണ വിഭാഗത്തിലും പിന്നീട് വെന്റിലേറ്ററിലേക്കും മാറ്റി.






