കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. കണ്ണൂർ പട്ടുവത്ത് കാവുങ്കലിൽ നാരായണി ആണ് ചികിത്സയിലിരിക്കെ മരിച്ചത്. വീടിന്റെ പിന്നിലെ വിറക് സൂക്ഷിച്ചിരുന്ന സ്ഥലത്ത് വച്ച് കഴിഞ്ഞ മാസം 26-ന് നാരായണിക്ക് പാമ്പുകടിയേറ്റിരുന്നു. താഴെ വീണ വിറകുകൾ ക്രമീകരിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. കടിയേറ്റത് കറുത്ത നിറമുള്ള പാമ്പാണെന്ന് നാരായണി പറഞ്ഞിരുന്നെങ്കിലും ഏത് പാമ്പാണെന്ന് വ്യക്തമല്ലായിരുന്നു.
ശരീരത്തിൽ ലക്ഷണങ്ങൾ വിലയിരുത്തിയ വനംവകുപ്പ് റെസ്ക്യു ടീം, കടിച്ചത് വെട്ടിക്കട്ടൻ പാമ്പാകാമെന്ന നിഗമനത്തിലെത്തി. കടിയേറ്റ ഉടൻ തന്നെ നാരായണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വനംവകുപ്പ് സംഘം സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെ നാരായണി മരണപ്പെട്ടു. മൃതദേഹം ഇന്ന് രാവിലെ സംസ്കരിക്കുമെന്നാണ് വിവരം.




